ഞെട്ടിപ്പിക്കുന്ന രാജിപ്രഖ്യാപനം നടത്തി നിക്കോളാ സ്റ്റര്‍ജന്‍; സ്‌കോട്ട്‌ലണ്ടില്‍ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലില്‍ ലേബര്‍ പാര്‍ട്ടി; പടിയിറങ്ങുന്നത് സ്‌കോട്ട്‌ലണ്ടിന്റെ ആദ്യ വനിതാ ഫസ്റ്റ് മിനിസ്റ്റര്‍

ഞെട്ടിപ്പിക്കുന്ന രാജിപ്രഖ്യാപനം നടത്തി നിക്കോളാ സ്റ്റര്‍ജന്‍; സ്‌കോട്ട്‌ലണ്ടില്‍ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലില്‍ ലേബര്‍ പാര്‍ട്ടി; പടിയിറങ്ങുന്നത് സ്‌കോട്ട്‌ലണ്ടിന്റെ ആദ്യ വനിതാ ഫസ്റ്റ് മിനിസ്റ്റര്‍

സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍ അടിയന്തരമായി പത്രസമ്മേളനം വിളിച്ചപ്പോള്‍ കഴിഞ്ഞ ദിവസങ്ങളിലെ വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാനാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ പദവിയില്‍ നിന്നും രാജിവെയ്ക്കുന്നതായാണ് നിക്കോള പ്രഖ്യാപിച്ചത്. കടുത്ത സമ്മര്‍ദവും, സമര്‍പ്പണവും ആവശ്യമുള്ള ജോലിക്കുള്ള ഊര്‍ജ്ജം ബാക്കിയില്ലെന്ന് വ്യക്തമാക്കിയാണ് പിന്‍മാറ്റം.


സ്‌കോട്ട്‌ലണ്ടിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുമെന്ന തീപ്പൊരി പ്രഖ്യാപനത്തില്‍ ഉറച്ചുനിന്ന് 20 വര്‍ഷത്തോളമായി മറ്റ് പാര്‍ട്ടികളുടെ നെഞ്ചിടിപ്പായി മാറിയ ശേഷമാണ് നിക്കോള സ്ഥാനം ഒഴിയുന്നത്. ഒരുവട്ടം ഹിതപരിശോധന സംഘടിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കിലും ജനം സ്വാതന്ത്ര്യത്തിന് എതിരായി വിധിയെഴുതിയത് തിരിച്ചടിയായി. ഈ ഘട്ടത്തിലും സ്‌കോട്ട്‌ലണ്ടില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ എസ്എന്‍പിയെ ഏകപക്ഷീയ വിജയത്തിലേക്ക് കൈപിടിച്ച് നടത്താന്‍ സ്റ്റര്‍ജന് സാധിച്ചു.

സ്‌കോട്ട്‌ലണ്ടിന്റെ ആദ്യ വനിതാ ഫസ്റ്റ് മിനിസ്റ്ററായ നിക്കോള ഏറ്റവും കൂടുതല്‍ കാലം ആ പദവിയിലിരുന്ന നേതാവെന്ന ഖ്യാതി കൂടി നേടിയാണ് പടിയിറങ്ങുന്നത്. സ്‌കോട്ടിഷ് സ്വാതന്ത്ര്യം സജീവചര്‍ച്ചയില്‍ നിര്‍ത്തിയ നേതാവിന് പക്ഷെ യുകെ സുപ്രീംകോടതിയില്‍ നിന്നും ഈ വിഷയത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പുറമെ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍ വര്‍ദ്ധിപ്പിച്ച് പൊതുജനങ്ങളുടെ കണ്ണിലെ കരടായി അവര്‍ മാറിയിരുന്നു.

വിവാദങ്ങള്‍ വിടാതെ പിടികൂടിയ ഘട്ടത്തിലാണ് സമ്മര്‍ദം മതിയായെന്ന് പ്രഖ്യാപിച്ച് നിക്കോളാ സ്റ്റര്‍ജന്‍ രാജി പ്രഖ്യാപിച്ചത്. എസ്എന്‍പി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ അവര്‍ തല്‍സ്ഥാനത്ത് തുടരും. സ്വേച്ഛാധിപതിയായ നേതാവായി നടമാടിയത് കൊണ്ട് തന്നെ സ്റ്റര്‍ജന്റെ പിന്‍മാറ്റം എസ്എന്‍പിക്ക് തിരിച്ചടിയാണ്. ഈ വിടവില്‍ സ്‌കോട്ട്‌ലണ്ടില്‍ തിരിച്ചുവരവ് നടത്താനാണ് ലേബര്‍ പാര്‍ട്ടിയുടെ മോഹം.
Other News in this category



4malayalees Recommends