നിക്കോളാ ബുള്ളെ കേസ്; കാണാതാകുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് കുടുംബവീട്ടില്‍ പോലീസ് എത്തിയിരുന്നു; ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട് 45-കാരിക്ക് മദ്യപാന പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തല്‍

നിക്കോളാ ബുള്ളെ കേസ്; കാണാതാകുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് കുടുംബവീട്ടില്‍ പോലീസ് എത്തിയിരുന്നു; ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട് 45-കാരിക്ക് മദ്യപാന പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തല്‍
നിക്കോളാ ബുള്ളെയെ ലങ്കാഷയറില്‍ നിന്നും കാണാതായിട്ട് 20 ദിവസത്തോളമായി. ഇതിനിടയിലും പോലീസ് അന്വേഷണത്തില്‍ യാതൊരു വ്യക്തതയും വന്നിട്ടില്ല. എന്നാല്‍ 45-കാരിയെ കാണാതാകുന്നതിന് ഏതാനും ആഴ്ചകള്‍ മുന്‍പ് പോലീസുകാര്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

ആര്‍ത്തവിരാമം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടതോടെ മദ്യോപയോഗം മൂലമുള്ള ബുദ്ധിമുട്ടുകളിലായിരുന്നു നിക്കോളയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ജനുവരി 27-നാണ് രണ്ട് മക്കളുടെ അമ്മയായ നിക്കോളയെ കാണാതായത്. ലങ്കാഷയര്‍ വൈറിലെ സെന്റ് മൈക്കിള്‍സിലൂടെ നായയുമായി നടക്കാനിറങ്ങിയതിന് ശേഷമാണ് ഇവരെ കാണാതായത്.

ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതിനാല്‍ നിക്കോളയെ ഹൈ റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇത് പ്രകാരം നിക്കോളയുടെ സുരക്ഷയില്‍ അടിയന്തരമായ അപകടമാണ് രേഖപ്പെടുത്തിയിരുന്നത്. പങ്കാളി പോളുമായി സംസാരിച്ചപ്പോഴാണ് ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും, അത് മൂലം മദ്യപാന പ്രശ്‌നങ്ങളും നിക്കോള നേരിട്ടിരുന്നതായി മനസ്സിലായത്, ലങ്കാഷയര്‍ പോലീസ് പറഞ്ഞു.

ജനുവരി 10ന് ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം നേരിട്ടപ്പോള്‍ പോലീസും, ഹെല്‍ത്ത് പ്രൊഫഷണലുകളും വീട്ടിലെത്തിയിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതില്‍ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. സ്വകാര്യമായ ജീവിതത്തെ കുറിച്ച് പറയേണ്ടി വരുന്നത് അസാധാരണമാണ്. എന്നിരുന്നാലും അഭ്യൂഹങ്ങള്‍ ഒഴിവാക്കാനാണ് ഇത് അറിയിക്കുന്നത്, പോലീസ് വ്യക്തമാക്കി.

ഇതോടെ നിക്കോള നദിയില്‍ വീണുവെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ് ഇപ്പോഴും അന്വേഷണം കേന്ദ്രീകരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടു.
Other News in this category



4malayalees Recommends