പോലീസ് ഇരുട്ടില്‍ തപ്പി, പൊതുജനം കണ്ടെത്തി! നിക്കോളാ ബുള്ളെയെ കണ്ടെത്തിയത് സാധാരണക്കാരെന്നതാണ് ഏറ്റവും 'വലിയ' സത്യം; മുന്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഡിറ്റക്ടീവിന്റെ വിമര്‍ശനം ലങ്കാഷയര്‍ പോലീസിന്റെ 'കൈയിലിരുപ്പ്' വ്യക്തമാക്കുന്നു

പോലീസ് ഇരുട്ടില്‍ തപ്പി, പൊതുജനം കണ്ടെത്തി! നിക്കോളാ ബുള്ളെയെ കണ്ടെത്തിയത് സാധാരണക്കാരെന്നതാണ് ഏറ്റവും 'വലിയ' സത്യം; മുന്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഡിറ്റക്ടീവിന്റെ വിമര്‍ശനം ലങ്കാഷയര്‍ പോലീസിന്റെ 'കൈയിലിരുപ്പ്' വ്യക്തമാക്കുന്നു

നിക്കോളാ ബുള്ളെയെ കാണാതായ കേസ് കൈകാര്യം ചെയ്ത ലങ്കാഷയര്‍ പോലീസിന്റെ രീതിയെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും അഞ്ച് മൈല്‍ അകലെയുള്ള മേഖലയിലാണ് പോലീസ് തെരച്ചില്‍ കേന്ദ്രീകരിച്ചതെന്ന് വ്യക്തമായതോടെയാണ് ഇത്.


ഞായറാഴ്ച നായകളുമായി നടക്കാനിറങ്ങിയ രണ്ട് സാധാരണക്കാരാണ് 45-കാരിയുടെ മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചത് പ്രകാരം എത്തിയ പോലീസിന് നിക്കോളയുടെ മൃതശരീരം ലഭിക്കുകയും ചെയ്തു. ഗുരുതരമായ ചോദ്യങ്ങള്‍ ലങ്കാഷയര്‍ പോലീസ് ഉത്തരം നല്‍കേണ്ടി വരുമെന്ന് ഒന്‍പത് വര്‍ഷം പോലീസ് കമ്മീഷണറായി സേവനം അനുഷ്ഠിച്ച മുന്‍ ഡിസിഐ മാര്‍ട്ടിന്‍ അണ്ടര്‍ഹില്‍ വ്യക്തമാക്കി.

കേസിലെ മീഡിയ സ്ട്രാറ്റജിയും, നദിയിലെ തെരച്ചിലും സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'പൊതുജനങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ട്. മെറ്റ് ഉള്‍പ്പെടെ മറ്റ് സേനകള്‍ ഓഫര്‍ ചെയ്ത സഹായം പോലും സ്വീകരിക്കാന്‍ തയ്യാറാകാത്ത മറ്റൊരു സേന കാണില്ല. ഹോം സെക്രട്ടറി ഇക്കാര്യം പരിശോധിക്കണം', അണ്ടര്‍ഹില്‍ ടൈംസിനോട് പറഞ്ഞു.

നിക്കോളാ ബുള്ളെയുടെ മദ്യപാന പ്രശ്‌നങ്ങളും, ആര്‍ത്തവവിരാമവും സംബന്ധിച്ച സ്വകാര്യ വിവരങ്ങള്‍ വരെ പരസ്യമാക്കിയ ലങ്കാഷയര്‍ പോലീസ് നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ വ്യക്തമാക്കിയിരുന്നു. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയ നടപടി ശരിയാണോയെന്ന് ഇന്‍ഫൊര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസ് പരിശോധിക്കുന്നുണ്ട്. ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് ലങ്കാഷയര്‍ പോലീസ് നിക്കോളയുമായി മുന്‍പ് ബന്ധപ്പെട്ട സംഭവത്തെ കുറിച്ചും പരിശോധിക്കുന്നുണ്ട്.

ഈ രണ്ട് അന്വേഷണങ്ങളുടെ ഫലം ലഭിച്ച ശേഷമായിരിക്കും ബ്രാവര്‍മാനും, പ്രധാനമന്ത്രി ഋഷി സുനാകും സ്വതന്ത്ര അന്വേഷണം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുക.
Other News in this category



4malayalees Recommends