പ്രസവവേദന കുറയ്ക്കുന്ന ഗ്യാസ്, എയര്‍ ഉപയോഗം സസ്‌പെന്‍ഡ് ചെയ്ത് ആശുപത്രികള്‍; മിഡ്‌വൈഫുമാര്‍ സുരക്ഷിതമല്ലാത്ത തോതില്‍ നൈട്രസ് ഓക്‌സൈഡിന് വിധേയരാകുന്നുവെന്ന് ആശങ്ക; 'ചിരിക്കല്‍ ഗ്യാസ്' ഉപയോഗം അവസാനിപ്പിച്ച് നിരവധി എന്‍എച്ച്എസ് ട്രസ്റ്റുകള്‍

പ്രസവവേദന കുറയ്ക്കുന്ന ഗ്യാസ്, എയര്‍ ഉപയോഗം സസ്‌പെന്‍ഡ് ചെയ്ത് ആശുപത്രികള്‍; മിഡ്‌വൈഫുമാര്‍ സുരക്ഷിതമല്ലാത്ത തോതില്‍ നൈട്രസ് ഓക്‌സൈഡിന് വിധേയരാകുന്നുവെന്ന് ആശങ്ക; 'ചിരിക്കല്‍ ഗ്യാസ്' ഉപയോഗം അവസാനിപ്പിച്ച് നിരവധി എന്‍എച്ച്എസ് ട്രസ്റ്റുകള്‍

പ്രസവവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ നല്‍കുന്ന ഗ്യാസ്, എയര്‍ ഉപയോഗം നിര്‍ത്തിവെച്ച് ആശുപത്രികള്‍. മിഡ്‌വൈഫുമാര്‍ക്ക് അമിതമായ തോതില്‍ ഈ ഗ്യാസ് ഏറ്റുവാങ്ങേണ്ടി വരുന്നതായുള്ള ആശങ്കയിലാണ് ഉപയോഗം പിന്‍വലിച്ചിരിക്കുന്നത്.


തൊഴിലിടങ്ങളില്‍ ആശങ്കാജനകമായ നിലയില്‍ ലാഫിംഗ് ഗ്യാസിന് വിധേയരാകാന്‍ മെഡിക്കല്‍ ജീവനക്കാര്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്ന ആശങ്കയിലാണ് നിരവധി എന്‍എച്ച്എസ് ട്രസ്റ്റുകള്‍ തല്‍ക്കാലത്തേക്ക് ഉപയോഗം നിര്‍ത്തിയത്. ചില എന്‍എച്ച്എസ് യൂണിറ്റുകളില്‍ സുരക്ഷിതമായതിന്റെ 50 ഇരട്ടി അധികം നൈട്രസ് ഓക്‌സൈഡ് അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ജോലിക്കാരുടെ ആരോഗ്യം മുന്‍നിര്‍ത്തിയുള്ള നടപടിയുടെ പേരില്‍ വിമര്‍ശനങ്ങളും രൂക്ഷമാണ്. ഇതിന്റെ പേരില്‍ പ്രസവവേദനയില്‍ നിന്നും മോചനം ലഭിക്കാനുള്ള അവസരം തട്ടിപ്പറിക്കുന്നുവെന്നാണ് ഇവരുടെ പരാതി. എസെക്‌സിലെ പ്രിന്‍സസ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റലില്‍ കഴിഞ്ഞ മാസം തന്നെ എന്റോണോക്‌സ് ഗ്യാസ് ഉപയോഗം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പ്രസവിക്കാനെത്തുമ്പോള്‍ അനാവശ്യമായി സമ്മര്‍ദത്തിലാക്കുന്ന പരിപാടിയാണ് ആശുപത്രികളുടെ ഈ സമീപനമെന്ന് ചില ഗര്‍ഭിണികള്‍ പ്രതികരിക്കുന്നു. മറ്റ് നിരവധി എന്‍എച്ച്എസ് ട്രസ്റ്റുകളിലും നൈട്രസ് ഓക്‌സൈഡ് അമിതമായി തോതില്‍ കണ്ടെത്തിയിട്ടുണ്ട്. ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റല്‍, വാട്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Other News in this category



4malayalees Recommends