തുടരെ ദുരന്തവാര്‍ത്തകള്‍ കേട്ട് ഞെട്ടലിലാണ് യുകെ മലയാളി സമൂഹം. അതും ചെറുപ്രായത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് ഏവരെയും ഞെട്ടിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രസ്റ്റണിലെ ജോജിയുടേയും സിനിയുടേയും രണ്ടുവയസ്സുള്ള ഏകമകന്‍ ജോനാഥന്‍ ജോജിയുടെ മരണം സംഭവിച്ചത്. പനി ബാധിച്ചായിരുന്നു മരണം. ഇപ്പോഴിതാ ഏവര്‍ക്കും മൂന്നര വയസുള്ള കുഞ്ഞിന്റെ മരണം ഞെട്ടലുണ്ടാക്കുകയാണ്.
കമിഴ്ന്നു വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്നു ശ്വാസം മുട്ടിയാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയോടെയാണ് ദുരന്തവാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നത്.
കുടുംബത്തിലെ മൂത്ത രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു കൂട്ടെത്തിയപ്പോള്‍ ഏവരും സന്തോഷിച്ചു, ഇപ്പോഴിതാ പ്രിയപ്പെട്ട ആ പിഞ്ചു കുഞ്ഞിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവ ദമ്പതികള്‍. ഇവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാത്ത അവസ്ഥയിലാണ് പരിചയക്കാര്‍.
കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിന്‍-ജിനു ദമ്പതികളുടെ മകന്‍ ജെയ്ഡനാണ് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോള്‍ മരണത്തിന് കീഴടങ്ങേണ്ടിവന്നത്. മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിലാണ് ഇവര്‍ താമസിക്കുന്നത്. റോയല്‍ ഓള്‍ഡ്ഹാം ആശുപത്രിയിലെ നഴ്‌സാണ് ജിനു.
അപകട വിവരം അറിഞ്ഞ് ആബുംലന്‍സ് സംഘമെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും വേദന ഏറെയാണ്.