പുക ശ്വസിച്ച് തനിക്ക് ശ്വാസംമുട്ടലായി, കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത്: മമ്മൂട്ടി

പുക ശ്വസിച്ച് തനിക്ക് ശ്വാസംമുട്ടലായി, കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത്: മമ്മൂട്ടി
കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസം മുട്ടിക്കരുതെന്ന് മമ്മൂട്ടി. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണ്. പുക ശ്വസിച്ച് തനിക്ക് ശ്വാസംമുട്ടലായി. അതുകൊണ്ട് വീട്ടില്‍ നിന്നും മാറി വയനാട്ടിലെ സെറ്റിലെത്തി എന്നാണ് മമ്മൂട്ടി പറയുന്നത്.

ഷൂട്ടിംഗിനായി കുറച്ച് ദിവസമായി പൂനെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങി എത്തിയത്. വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിംഗിന് വയനാട്ടില്‍ എത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം.

സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത്. ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കില്‍ വിദേശത്തെ വിജയകരമായ രീതികളെയോ മാതൃകകളോ സ്വീകരിക്കണം.

എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍ വച്ചു മാറിനിന്ന് ആരോപണങ്ങള്‍ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണം. ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ സംസ്‌കരണ രീതിയോ ഫലപ്രദമാക്കണം.

കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നു കഴിഞ്ഞു. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നാണ് മാലിന്യ സംസ്‌കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത് എന്നാണ് മമ്മൂട്ടി മനോരമയോട് പ്രതികരിക്കുന്നത്.

Other News in this category



4malayalees Recommends