ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ 72 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ ആരംഭിക്കും;അപ്പോയിന്റ്‌മെന്റുകളും അത്യാവശ്യ ചികിത്സകളും മുടങ്ങി ആയിരക്കണക്കിന് രോഗികള്‍ ബുദ്ധിമുട്ടും; എമര്‍ജന്‍സി കെയര്‍ പോലും മുടങ്ങുമെന്ന് ആശങ്ക

ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ 72 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ ആരംഭിക്കും;അപ്പോയിന്റ്‌മെന്റുകളും അത്യാവശ്യ ചികിത്സകളും മുടങ്ങി ആയിരക്കണക്കിന് രോഗികള്‍ ബുദ്ധിമുട്ടും; എമര്‍ജന്‍സി കെയര്‍ പോലും മുടങ്ങുമെന്ന് ആശങ്ക
ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ 72 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ ആരംഭിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇംഗ്ലണ്ടിലെ ഓരോ റീജിയണെയും പണിമുടക്ക് കടുത്ത രീതിയില്‍ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.മെഡിക്കല്‍ വര്‍ക്ക് ഫോഴ്‌സിന്റെ 45 ശതമാനത്തോളം വരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് എമര്‍ജന്‍സി കെയര്‍ സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങളെയടക്കം സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പണിമുടക്കിന്റെ ഭാഗമായി എമര്‍ജന്‍സിയെയും പ്ലാന്‍ഡ്‌കെയറിനെയും വരെ ബഹിഷ്‌കരിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ കടുത്ത തീരുമാനമാണെടുത്തിരിക്കുന്നത്.

ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കിനെ തുടര്‍ന്ന് കണ്‍സള്‍ട്ടന്റുമാരും മറ്റ് സീനിയര്‍ ഡോക്ടര്‍മാരും അധികമായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന നിരവധി അപ്പോയിന്റ്‌മെന്റുകള്‍ നീട്ടി വയ്‌ക്കേണ്ടി വരുകയും ആയിരക്കണക്കിന് രോഗികള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ എത്രത്തോളം രോഗികള്‍ക്ക്‌നേരത്തെ നിശ്ചയിച്ച അപ്പോയിന്റ്‌മെന്റുകള്‍ നഷ്ടമാകുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

തങ്ങളുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര വില കല്‍പ്പിക്കുന്നില്ലെന്നും തങ്ങള്‍ക്ക് കൂടുതലായി ജോലി ചെയ്യേണ്ടി വരുന്നുവെന്നും അതിന് അനുസരിച്ച് വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നുമാണ് സമരത്തെ ന്യായീകരിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനില്‍ അംഗങ്ങളായ 36,000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാരാണ് ഇന്നും നാളെയും മറ്റന്നാളുമായി നടക്കുന്ന സമരത്തില്‍ ഭാഗഭാക്കാകുന്നത്.

തങ്ങള്‍ക്ക് 35 ശതമാനം ശമ്പള വര്‍ധനവാണ് പണിമുടക്കില്‍ പങ്കെടുക്കന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2008 ല്‍ സാമ്പത്തിക മാന്ദ്യമുണ്ടായതിനെ തുടര്‍ന്ന് 26 ശതമാനം വെട്ടിച്ചുരുക്കല്‍ വരുത്തിയത് പുനസ്ഥാപിക്കണമെന്നാണ് ബിഎംഎ ആവശ്യപ്പെടുന്നത്.ജുനിയര്‍ ഡോക്ടര്‍മാരില്‍ മൂന്നില്‍ രണ്ട്‌പേരും ബിഎംഎ അംഗങ്ങളാണ്. സമരം ഒഴിവാക്കുന്നതിനായി ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതാക്കന്‍മാര്‍ സമീപവാരങ്ങളിലായി മിനിസ്റ്റര്‍മാരുമായും ഗവണ്‍മെന്റ് ഒഫീഷ്യലുകളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ സമരം നിര്‍ത്തി വയ്ക്കാതെ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനാവില്ലെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ബിഎംഎ അതിന് വഴങ്ങാതിരിക്കുകയും ചെയ്തപ്പോഴാണ് സമരം ഉറപ്പായിരിക്കുന്നത്.

Other News in this category



4malayalees Recommends