യുകെയില്‍ വീട് വാടകക്കെടുക്കുന്നതിനേക്കാള്‍ ലാഭം വീട് വാങ്ങുന്നത്; സ്വന്തം വീടിന് പ്രതിമാസം 971 പൗണ്ട് ; വാടക വീടിന് മാസത്തില്‍ 1013; പ്രതിവര്‍ഷം വീട്ടുടമകള്‍ക്ക് ഏതാണ്ട് 500 പൗണ്ട് ലാഭിക്കാം; ഈ വിടവ് കൂടുതല്‍ സ്‌കോട്ട്‌ലന്‍ഡില്‍

യുകെയില്‍ വീട് വാടകക്കെടുക്കുന്നതിനേക്കാള്‍ ലാഭം വീട് വാങ്ങുന്നത്; സ്വന്തം വീടിന് പ്രതിമാസം 971 പൗണ്ട് ; വാടക വീടിന് മാസത്തില്‍ 1013; പ്രതിവര്‍ഷം വീട്ടുടമകള്‍ക്ക് ഏതാണ്ട് 500 പൗണ്ട് ലാഭിക്കാം; ഈ വിടവ് കൂടുതല്‍ സ്‌കോട്ട്‌ലന്‍ഡില്‍
യുകെയില്‍ നിലവിലെ പ്രവണതകള്‍ പ്രകാരം ഒരു വീട് വാടകക്കെടുക്കുന്നതിനേക്കാള്‍ ലാഭകരം വീട് സ്വന്തമായി വാങ്ങുന്നതാണെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു.വീട് വാടക്കെടുക്കുന്നതുമായും വാങ്ങുന്നതുമായും താരതമ്യപ്പെടുത്തിക്കൊണ്ട് ഹാലിഫാക്‌സ് അടുത്തിടെ നടത്തിയ റിവ്യൂവിലൂടെയാണ് പുതിയ പ്രവണത വെളിപ്പെട്ടിരിക്കുന്നത്.ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അഥവാ ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്ക് അതിന് മുകളില്‍ വരുന്ന ചെലവും അതുപോലെയുള്ള ഒരു മൂന്ന് ബെഡ്‌റൂം വീടിന് മാസത്തില്‍ വരുന്ന ശരാശരി വാടകയും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഹാലിഫാക്‌സ് പുതിയ റിവ്യൂ പുറത്തിറക്കിയിരിക്കുന്നത്.

ഇത് പ്രകാരം വീട് വാങ്ങുന്നവര്‍ക്ക് പ്രസ്തുത വീടിന് മേല്‍ മോര്‍ട്ട്‌ഗേജ് അടവ്, ഡിപ്പോസിറ്റിനുള്ള ഫണ്ടിംഗ്, വീടിനുള്ള അറ്റകുറ്റപ്പണികള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവക്കായി പ്രതിമാസം 971 പൗണ്ട് വേണ്ടി വരുമ്പോള്‍ വീട് വാടകക്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1013 പൗണ്ട് വേണ്ടി വരുന്നുവെന്നാണ് ഹാലിഫാക്‌സ് റിവ്യൂ വെളിപ്പെടുത്തുന്നത്. അതായത് വീട് വാടകക്കെടുക്കുന്നവര്‍ക്ക് അധികമായി 42 പൗണ്ട് കണ്ടെത്തേണ്ടി വരുന്നുവെന്ന് ചുരുക്കം.

ഇത് പ്രകാരം 12 മാസക്കാലയളവില്‍ വീട്ടുടമകള്‍ക്ക് ഏതാണ്ട് 500 പൗണ്ട് ലാഭിക്കാന്‍ സാധിക്കുന്നു. ഇവ തമ്മിലുള്ള വ്യതാസം 2016ല്‍ മൂര്‍ധന്യത്തിലെത്തിയപ്പോള്‍ വര്‍ഷത്തില്‍ 1500 പൗണ്ടിലധികം വ്യത്യാസമുണ്ടായിരുന്നു. തുടര്‍ന്ന് ഇത് കുറഞ്ഞ് വരുകയായിരുന്നു.യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഈ വ്യത്യാസത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും വലിയ വിടവ് സ്‌കോട്ട്‌ലന്‍ഡിലാണ്. ഇവിടെ വീട്ടുടമകള്‍ക്ക് ഈ വകയില്‍ മാസത്തില്‍ 727 പൗണ്ടേ ചെലവാക്കേണ്ടി വരുന്നുള്ളൂ.

എന്നാല്‍ ഇവിടെ വാടക്കാര്‍ക്ക് മാസത്തില്‍ 918 പൗണ്ട് വേണ്ടി വരുന്നു. ഇത് പ്രകാരം വീട് സ്വന്തമായുള്ളവര്‍ക്ക് 21 ശതമാനം തുക സമ്പാദിക്കാന്‍ സാധിക്കുന്നു. ലണ്ടനില്‍ വാടകക്കാര്‍ മാസത്തില്‍ 2074 പൗണ്ട് ചെലവഴിക്കേണ്ടി വരുന്നു. എന്നാല്‍ ഇവിടെ വീട്ടുടമകള്‍ക്ക് 1828 പൗണ്ട് മാത്രമേ മാസത്തില്‍ വേണ്ടി വരുന്നുള്ളൂ. എന്നാല്‍ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ വീട് വാടകക്കെടുക്കുന്നവര്‍ക്കാണ് മെച്ചം. ഇവര്‍ക്ക് മാസത്തില്‍ സ്വന്തമായി വീടുള്ളവരേക്കാള്‍ മാസത്തില്‍ 90 പൗണ്ട് ലാഭമുണ്ടാക്കാനാവുന്നു.

Other News in this category



4malayalees Recommends