'ദാരിദ്ര്യം പിടിച്ച നടി' എന്ന പരാമര്‍ശം തന്നെ വേദനിപ്പിച്ചിട്ടില്ല,പത്ത് മാസത്തോളമായി ഞാന്‍ സിനിമ ചെയ്തിട്ട് ; നടി രമ്യ സുരേഷ്

'ദാരിദ്ര്യം പിടിച്ച നടി' എന്ന പരാമര്‍ശം തന്നെ വേദനിപ്പിച്ചിട്ടില്ല,പത്ത് മാസത്തോളമായി ഞാന്‍ സിനിമ ചെയ്തിട്ട് ; നടി രമ്യ സുരേഷ്
'ദാരിദ്ര്യം പിടിച്ച നടി' എന്ന പരാമര്‍ശം തന്നെ വേദനിപ്പിച്ചിട്ടില്ലെന്ന് നടി രമ്യ സുരേഷ്. 'വെള്ളരിപട്ടണം' എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയാണ് രമ്യ പ്രതികരിച്ചത്. ദാരിദ്രം പിടിച്ച കഥാപാത്രങ്ങള്‍ ചെയ്ത് രമ്യ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു എന്ന് ഒരു സിനിമാ നിരൂപകന്‍ പറഞ്ഞിരുന്നു.

രമ്യയെ അവഹേളിച്ചു എന്നാരോപിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ ഇയാള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. അങ്ങനെ പറഞ്ഞത് മോശമാണെന്ന് തോന്നുന്നില്ല എന്നാണ് രമ്യ പറയുന്നത്. 'എനിക്കത് മോശമായി തോന്നുന്നില്ല. അയാള്‍ അയാളുടെ അഭിപ്രായം പറഞ്ഞു.'

'കൊറോണ സമയത്ത് ആറ് മാസം വെറുതെ വീട്ടിലിരുന്നു. അതുകഴിഞ്ഞാണ് സിനിമകള്‍ വന്നത്. അപ്പോള്‍ കിട്ടുന്ന സിനിമകളെല്ലാം ചെയ്യുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. എല്ലാത്തിലും ആരെങ്കിലും മരിക്കുമ്പോള്‍ കരയുന്ന കഥാപാത്രങ്ങളാണ്. ഈ സിനിമകളെല്ലാം ഒരുമിച്ചാണ് റിലീസ് ചെയ്തത്.'

'ഇപ്പോള്‍ എനിക്ക് കരയാന്‍ പറ്റില്ല. പത്ത് മാസത്തോളമായി ഞാന്‍ സിനിമ ചെയ്തിട്ട്. സെലക്ടീവാകാന്‍ തുടങ്ങി. അങ്ങനെ ആയപ്പോള്‍ വീട്ടിലിരിക്കുകയാണ്. എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങളുണ്ട്. പൊലീസ് കഥാപാത്രം ചെയ്യാനും കോമഡി ചെയ്യാനും ഇഷ്ടമാണ്. പക്ഷേ ഇതൊന്നും എന്നെ തേടി വന്നില്ല.'

'ടൈപ്പ് കാസ്റ്റ് ആകാന്‍ എനിക്കും ആഗ്രഹമില്ല. ഞാന്‍ ഈ അഭിപ്രായങ്ങളൊന്നും ശ്രദ്ധിക്കാറില്ല. അഖില്‍ മാരാര്‍ പോസ്റ്റ് ചെയ്തത് കണ്ടു. ആ യൂട്യൂബര്‍ പിന്നാലെ വിശദീകരണം നല്‍കിയതായി അറിഞ്ഞു. അതുകേട്ടപ്പോള്‍ എനിക്ക് വിഷമമൊന്നും തോന്നിയില്ല' എന്നാണ് രമ്യ പറയുന്നത്.

Other News in this category



4malayalees Recommends