അനന്യ പാണ്ടേയും ആദിത്യ റോയ് കപൂറും തമ്മില്‍ പ്രണയത്തില്‍; ഒരുമിച്ച് ട്രിപ്പിന് പോകാനൊരുങ്ങുന്നു; വീട്ടുകാരുടെ പച്ചക്കൊടി കിട്ടിയാല്‍ അധികം വൈകാതെ വിവാഹം നടന്നേക്കും
ബോളിവുഡ് താരങ്ങളായ അനന്യ പാണ്ടേയും ആദിത്യ റോയ് കപൂറും തമ്മില്‍ പ്രണയത്തിലാണെന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശ്വസനീയമായ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നു.ഇരുവരുടെയും പ്രണയത്തെ ഇരു കുടുംബങ്ങളും അംഗീകരിക്കാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പച്ചക്കൊടി കാട്ടിയാല്‍ അവര്‍ ഒരു വെക്കേഷന്‍ ട്രിപ്പിന് ഉടന്‍ തന്നെ പോയേക്കുമെന്നും തുടര്‍ന്ന് ആരാധകര്‍ക്ക് മധുരമുള്ള സര്‍പ്രൈസ് നല്‍കിക്കൊണ്ട് വിവാഹിതരാകുമെന്നും ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ഒരു ഫാഷന്‍ ഇവന്റില്‍ വച്ച് റാംപില്‍ ഒരുമിച്ച് നടക്കുകയും ഒരുമിച്ചിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരെയും ബന്ധിപ്പിച്ച് കൊണ്ടുള്ള ഗോസിപ്പുകള്‍ പ്രചരിക്കാനാരംഭിച്ചത്. ഈ ഊഹാപോഹങ്ങള്‍ ഒടുവില്‍ സത്യമാകാന്‍ പോകുന്നുവെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2022ലെ ഫിഫ വേള്‍ഡ് കപ്പ് സെമിഫൈനല്‍ മല്‍സരങ്ങള്‍ കാണാന്‍ ഖത്തറില്‍ പോയ അനന്യയെ ആദിത്യ അനുഗമിച്ചിരുന്നു. സെലിബ്രിറ്റി ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ദിവാലി ബാഷില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതും വന്‍ വാര്‍ത്തയായിരുന്നു.
ഇവരുടെ ബന്ധത്തില്‍ ഇരു വീട്ടുകാര്‍ക്കും നല്ല സന്തോഷമാണെന്നും ഇനി വീട്ടുകാരുടെ ഔദ്യോഗിക സമ്മതം ലഭിക്കേണ്ട താമസമേയുള്ളൂവെന്നും ഇന്‍സൈഡര്‍ വെളിപ്പെടുത്തുന്നു.നിലവില്‍ അനന്യയും ആദിത്യയും തങ്ങളുടെ അഭിനയ പ്രഫഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരുന്നുണ്ട്. ഇരുവരും വ്യത്യസ്തങ്ങളായ വേഷങ്ങള്‍ സെലക്ട് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുമുണ്ട്. ആദിത്യയുടെ പുതിയ സിനിമ ഗംറാ ഏപ്രില്‍ ഏഴിന് റിലീസാകും. അനന്യയുടെ പുതിയ സിനിമ ഡ്രീം ഗേള്‍ 2 ജൂലൈ ഏഴിനാണ് പുറത്തിറങ്ങുന്നത്.