സെക്‌സും, മയക്കുമരുന്നും, മദ്യവും നിറഞ്ഞ ദിവസങ്ങള്‍ ലക്ഷ്യമിട്ടെത്തുന്ന യുകെ ടൂറിസ്റ്റുകളോട് 'നോ' പറഞ്ഞ് ആംസ്റ്റര്‍ഡാം. ദുരുദ്ദേശവുമായി ഇവിടേക്ക് വിമാനം പിടിക്കേണ്ടെന്നാണ് ബ്രിട്ടീഷ് ടൂറിസ്റ്റുകളോട് ഹോളിഡേ ഡെസ്റ്റിനേഷന്‍ പ്രചരണം വ്യക്തമാക്കുന്നത്.
മയക്കുമരുന്നും, മദ്യവും ഒഴുകുന്ന പാര്‍ട്ടികള്‍ക്കായി ആംസ്റ്റര്‍ഡാമിലേക്ക് എത്തുന്നവരെ നിരുത്സാഹപ്പെടുത്തുകയാണ് ഡച്ച് തലസ്ഥാനം സംഘടിപ്പിക്കുന്ന പ്രചരണത്തിന്റെ ഉദ്ദേശം. ബ്രിട്ടീഷ് പൗരന്‍മാരെയാണ് ഇതില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ലൈംഗിക തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന കുപ്രശസ്തമായ ഇടങ്ങള്‍ക്ക് സമീപം സംഘടിപ്പിക്കുന്ന വിദേശികളുടെ പാര്‍ട്ടി സംസ്‌കാരം നിലയ്ക്ക് നിര്‍ത്താനുള്ള ശ്രമത്തിലാണ് ആംസ്റ്റര്‍ഡാം.
ഉയര്‍ന്ന ക്വാളിറ്റിയുടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും, ബ്രിട്ടീഷുകാരെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് രാജ്യം ശ്രമിക്കുന്നതെന്ന് ലാന്‍സറോട്ടെ പ്രസിഡന്റ് മരിയാ ഡോളോറെസ് കൊറൂജോ നേരത്തെ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടീഷ് ടൂറിസ്റ്റുകളെ ഈ ഉദ്ദേശത്തില്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ആംസ്റ്റര്‍ഡാം പ്രചരണം ആരംഭിക്കുന്നത്.
ബ്രിട്ടനില്‍ ഈ പ്രചരണം ആരംഭിക്കുമെന്ന് ആംസ്റ്റര്‍ഡാം സിറ്റി കൗണ്‍സില്‍ വ്യക്തമാക്കി. 18 മുതല്‍ 35 വയസ്സ് വരെ പ്രായത്തിലുള്ള പുരുഷന്‍മാരെയാണ് ലക്ഷ്യമിടുന്നത്. നിയന്ത്രണങ്ങള്‍ ഇല്ലാതെ അടിച്ചുപൊളിക്കാന്‍ എത്തുന്ന ടൂറിസ്റ്റുകളെ നിരുത്സാഹപ്പെടുത്താനും, അല്ലാത്തവര്‍ക്ക് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഓണ്‍ലൈന്‍ പ്രചരണം ഓര്‍മ്മിപ്പിക്കും.