എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതര്‍ക്ക് പുതിയ ചികിത്സ ഇന്നലെ മുതല്‍; രോഗികളുടെ ജീവന്‍ ദീര്‍ഘിപ്പിക്കുന്ന ട്രീറ്റ്‌മെന്റ് നൂറ് കണക്കിന് പേര്‍ക്ക് ആശ്വാസമാകും; ഇമ്മ്യൂണോ തെറാപ്പി ഡ്രഗായ പെംബ്രൊലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സ

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതര്‍ക്ക് പുതിയ ചികിത്സ ഇന്നലെ മുതല്‍; രോഗികളുടെ ജീവന്‍ ദീര്‍ഘിപ്പിക്കുന്ന ട്രീറ്റ്‌മെന്റ് നൂറ് കണക്കിന് പേര്‍ക്ക് ആശ്വാസമാകും; ഇമ്മ്യൂണോ തെറാപ്പി ഡ്രഗായ പെംബ്രൊലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സ
ഭേദമാകാത്ത സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ഇംഗ്ലണ്ടില്‍ എന്‍എച്ച്എസില്‍ ചികിത്സ തേടിയെത്തുന്ന നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി പുതിയ ലൈഫ് എക്സ്റ്റന്‍ഡിംഗ് ട്രീറ്റ്‌മെന്റ് ഇന്നലെ എന്‍എച്ച്എസില്‍ നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ ജീവന്‍ പരമാവധി പിടിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന ട്രീറ്റ്‌മെന്റാണിത്. ഇതിന്റെ ഭാഗമായി ഇമ്മ്യൂണോ തെറാപ്പി ഡ്രഗായ പെംബ്രൊലിസുമാബ് (കീട്രുഡ) ഇന്നലെ മുതല്‍ ആദ്യമായി എന്‍എച്ച്എസില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 400ഓളം പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് നരകിക്കുന്ന ഇംഗ്ലണ്ടിലെ നിരവധി സ്ത്രീകള്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകുമെന്നതാണ് പ്രധാന ഗുണം.സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് എന്‍എച്ച്എസ് പുതിയ ചുവട് വയ്പ് നടത്തിയിരിക്കുന്നത്. ഡ്രഗ്‌സ് റെഗുലേറ്ററായ ദി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് (നൈസ്) ഇതിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ മരുന്ന് ലഭ്യമാക്കുന്നത്.

നിലവില്‍ സെര്‍വിക്കല്‍ കാന്‍സര്‍ കാരണം ഇംഗ്ലണ്ടില്‍ പ്രതിദിനം രണ്ട് സ്ത്രീകളാണ് മരിച്ച് കൊണ്ടിരിക്കുന്നത്. കീമോതെറാപ്പിക്കൊപ്പം പെംബ്രൊലിസുമാബ് നല്‍കുന്ന പുതിയ ചികിത്സാരീതിയിലൂടെ സെര്‍വിക്കല്‍ ബാധിച്ചവരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്ന പ്രോട്ടീനിനെ ത്വരിതപ്പെടുത്തി രോഗിയുടെ ആയുസ്സ് ശരാശരി എട്ട് മാസമെങ്കിലും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷങ്ങളായി സെര്‍വിക്കല്‍ കാന്‍സറിനെ നേരിടുന്നതിനായി പുതിയ ട്രീറ്റ്‌മെന്റുകളൊന്നും അവതരിപ്പിച്ചിട്ടില്ലെന്നിരിക്കേ പുതിയ നീക്കം നൂറ് കണക്കിന് സെര്‍വിക്കല്‍ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസപ്രദമാകുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ സ്‌പെഷ്യലൈസ്ഡ് കമ്മീഷനിംഗ് ഡയറക്ടറായ ജോണ്‍ സ്റ്റുവര്‍ട്ട് പറയുന്നത്. ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം ഏതാണ്ട് 2600 സ്ത്രീകളെങ്കിലും സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ചികിത്സ തേടിയെത്തുന്നുണ്ട്. 30 വയസിനും 34 വയസിനുമിടയിലാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നതെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെ കണ്ടെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends