ഏപ്രില്‍ 22 നാണ് കന്നഡ നടന്‍ സമ്പത്ത് ജെ റാമിനെ (35) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടയിലാണ് സമ്പത്തിന്റെ അടുത്ത സുഹൃത്തും നടനുമായ രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തല്‍.
ഭാര്യയെ പേടിപ്പിക്കാനായിരുന്നു സമ്പത്തിന്റെ ശ്രമമെന്നും ഇതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടതാണെന്നുമാണ് രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് രാജേഷിന്റെ വെളിപ്പെടുത്തല്‍. ഭാര്യയെ പേടിപ്പിക്കാനുള്ള പ്രാങ്കില്‍ സമ്പത്തിന് ജീവന്‍ നഷ്ടപ്പെട്ടതാണെന്നാണ് പറയുന്നത്.
സമ്പത്ത് മരണപ്പെടുന്നതിനു മുമ്പ് അതേ രാത്രിയില്‍ ഭാര്യയുമായി ചെറിയ വഴക്കുണ്ടായിരുന്നു. ഇതിനു ശേഷം ഭാര്യയെ പേടിപ്പിക്കാന്‍ തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെടുകയായിരുന്നുവെന്നാണ് രാജേഷ് ധ്രുവ് പറയുന്നത്.
സമ്പത്തിന്റെ മരണത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ധ്രുവ് അഭ്യര്‍ത്ഥിച്ചു. ഭാര്യ അഞ്ച് മാസം ഗര്‍ഭിണിയായിരിക്കേയാണ് സമ്പത്തിന്റെ അപ്രതീക്ഷിതമായ വിയോഗം.
അഗ്‌നിസാക്ഷി, ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ ശ്രദ്ധേയനാ നടനാണ് സമ്പത്ത്. തൊഴിലില്ലായ്മയും മികച്ച അവസരങ്ങളുടെ നഷ്ടവും കാരണമാണ് താരം ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.