ഞങ്ങളുടെ ആത്മാഭിമാനത്തെ നോക്കി പല്ലിളിക്കരുത്'; വേദനയോടും രോഷത്തോടും കൂടി രഞ്ജിത്തിന് കാസര്‍ഗോഡ് നിന്ന് ഒരു കുറിപ്പ്

ഞങ്ങളുടെ ആത്മാഭിമാനത്തെ നോക്കി പല്ലിളിക്കരുത്'; വേദനയോടും രോഷത്തോടും കൂടി രഞ്ജിത്തിന് കാസര്‍ഗോഡ് നിന്ന് ഒരു കുറിപ്പ്
മയക്കുമരുന്ന് വരാന്‍ എളുപ്പമുള്ളതുകൊണ്ടാണ് കാസര്‍ഗോഡ് ഇപ്പോള്‍ ഒട്ടേറെ സിനിമകള്‍ ഷൂട്ട് ചെയ്യുന്നതെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മദനോത്സവം സംവിധായകന്‍ സുധീഷ് ?ഗോപിനാഥ്, നടന്‍ രാജേഷ് മാധവന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കാസര്‍ഗോഡേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും, ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നുമായിരുന്നു സംവിധായകന്‍ സുധീഷിന്റെ പ്രതികരണം. പിന്നാലെ, സോഷ്യല്‍ മീഡിയയില്‍ ഒരു കാസര്‍ഗോഡ് സ്വദേശി എഴുതിയ കുറിപ്പ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ രാജേഷ് മാധവന്‍.

അഭിനന്ദിച്ചില്ലെങ്കിലും, അംഗീകരിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും തങ്ങളുടെ ആത്മാഭിമാനത്തെ നോക്കി പല്ലിളിക്കരുതെന്നും രാജേഷ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഒരു നാടിന്റെ കരുത്തുറ്റ ആത്മാവിഷ്‌കാരങ്ങളെ, അത്ഭുതപ്പെടുത്തുന്ന അഭിനയശേഷിയുള്ള പ്രതിഭകളെ, സിനിമാ പ്രവര്‍ത്തകരെ ഒക്കെ എത്ര നിസാരമായാണ് രഞ്ജിത്ത് വെറും മയക്കുമരുന്ന് വ്യാപാരത്തിലേക്ക് ചുരുക്കിക്കളഞ്ഞതെന്ന് രാജേഷ് പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു. കാസര്‍ഗോഡ് സ്വദേശിയായ പി.വി ഷാജികുമാര്‍ എഴുതിയ പോസ്റ്റാണ് രാജേഷ് തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

രാജേഷ് മാധവന്‍ ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


ശ്രീ രജപുത്ര രഞ്ജിത്ത്,

ഞങ്ങള്‍ വടക്കേ മലബാറുകാര്‍ക്ക് കാലങ്ങളായി സിനിമയെന്നത് ഒരിക്കലും എത്തിപ്പെടാന്‍ കഴിയാത്ത ഒരു സ്വപ്നലോകമായിരുന്നു.നിങ്ങളുടെ ദേശങ്ങളില്‍ നിന്ന്‌നൊക്കെ വരുന്ന സിനിമകള്‍ ഞങ്ങള്‍ സിനിമാകൊട്ടകകളിലിരുന്ന് ആവേശത്തോടെ കണ്ട് കൈയ്യടിച്ചിട്ടുണ്ട്, വിസിലടിച്ചിട്ടുണ്ട്. ഞങ്ങളുടെ നാടുകളില്‍ ആണ്ടിനും സംക്രാന്തിക്കും സംഭവിക്കുന്ന ഷൂട്ടിങ്ങ് കാണാന്‍ വണ്ടിയൊക്കെ വാടകക്കെടുത്ത് കഷ്ടപ്പെട്ട് പോയിട്ടുണ്ട്. ക്ലാപ്പടിക്കുമ്പോള്‍, വെള്ളിത്തിരയിലുള്ളവര്‍ തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരി പെറുക്കാതെ കഥാപാത്രങ്ങളായി ജീവിക്കുന്നത് കാണുമ്പോള്‍ അല്‍ഭുതത്താല്‍ കണ്ണ് തള്ളിയിട്ടുണ്ട്.(തള്ളല്ല). മുഖ്യനടന്റെ കഥാപാത്രമായുള്ള പകര്‍ന്നാട്ടം കണ്ട് കട്ട് പറയാന്‍ മറന്ന് പോയ സംവിധായകന് പകരം കട്ട് പറഞ്ഞിട്ടുണ്ട്.



ഞങ്ങളുടെ നാട്ടിലേക്ക് ഉല്‍ഘാടനത്തിന് വരുന്ന വിണ്ണിലെ താരങ്ങളെ കണ്ട് 'സിനിമയിലെ പോലെ തന്നെയെന്ന്' ആശ്ചര്യത്തിന്റെ താടിക്ക് കൈ കൊടുത്തിട്ടുണ്ട്. അന്ന് കരുതിയതല്ല, ഞങ്ങളുടെ നാടും നാട്ടുകാരും വെള്ളിത്തിരമാലകളില്‍ ആറാടുമെന്ന്. അന്നും അഭിനയിക്കാനും സിനിമ എഴുതാനും പാടാനും സംവിധാനം ചെയ്യാനും കഴിവുള്ളവര്‍ ഉണ്ടായിരുന്നു.

ഞങ്ങള്‍ക്ക് വേണ്ടി തുറക്കുന്നതല്ല സിനിമയുടെ വാതിലുകളെന്ന അപകര്‍ഷതയില്‍ കഴിവുകളെ ജീവിതപ്രതിസന്ധികളുടെ പായയില്‍ അവര്‍ മൂടിക്കെട്ടി.


കാലം മാറുന്നു, സിനിമ മാറുന്നു. ഞങ്ങളുടെ നാട്ടില്‍ നിന്നും നാട്ടുകാരുടെ സിനിമകള്‍ സംഭവിക്കുന്നു. ഒരു സിനിമയല്ല, നിരന്തരം സിനിമകള്‍. കാസര്‍ഗോഡിന്റെ കഥ പറയുന്ന സിനിമകള്‍, കാസര്‍ഗോഡിന്റെ പ്രാദേശികഭാഷയില്‍ ലജ്ജയും മടിയുമില്ലാതെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന സിനിമകള്‍. കാസര്‍ഗോട്ടുകാര്‍ അഭിനയിക്കുന്ന,സംവിധാനം ചെയ്യുന്ന, കഥയെഴുതുന്ന സിനിമകള്‍. തീയേറ്ററുകളില്‍ അവ കൈയ്യടി നേടുന്നു. അഭിനയിച്ചവര്‍ പ്രേക്ഷകരുടെ ഉള്ളിലേക്ക് താരങ്ങളായി നിഷ്‌കളങ്കതയോടെ തിളങ്ങുന്നു. മറുദേശങ്ങളില്‍ നിന്നുള്ള അഭിനേതാക്കള്‍ വടക്കന്‍ ഭാഷ കഷ്ടപ്പെട്ട് പഠിച്ചെടുത്ത് ഈ സിനിമകളുടെ ഭാഗമാവുന്നു.


അഭിനന്ദിച്ചില്ലെങ്കിലും, അംഗീകരിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്, ഞങ്ങളുടെ ആത്മാഭിമാനത്തെ നോക്കി പല്ലിളിക്കരുത്.


കസാഖിസ്ഥാന്‍ സിനിമകളില്‍ കാണുന്നത് പോലെ കാറ്റ് വീശുന്ന വരണ്ട ഭൂമികയും തര്‍ക്കോവസ്‌കിയന്‍ സിനിമകളിലെ പച്ചപ്പിന്റെ നിറഭൂമികയും ഓര്‍മപ്പെടുത്തുന്ന കാസര്‍ഗോഡന്‍ സ്ഥലരാശികള്‍ മലയാളസിനിമയില്‍ കൊടിയടയാളമാവുന്നു. ഇത് കുറിക്കുമ്പോഴും കാസര്‍ഗോഡിന്റെ പല ഭാഗങ്ങളിലും പതിനഞ്ചിലധികം സിനിമകള്‍ സംഭവിക്കുന്നുണ്ട്. ഇതൊന്നും അറിയാത്ത ഒരാളല്ല നിങ്ങളെന്ന് ഞാന്‍ വിശ്വസിക്കുന്നു.


ഒരു നാടിന്റെ കരുത്തുറ്റ ആത്മാവിഷ്‌കാരങ്ങളെ, അദ്ഭുതപ്പെടുത്തുന്ന അഭിനയശേഷിയുള്ള പ്രതിഭകളെ, സിനിമാ പ്രവര്‍ത്തകരെ ഒക്കെ എത്ര നിസാരമായാണ് നിങ്ങള്‍ വെറും മയക്കുമരുന്ന് വ്യാപാരത്തിലേക്ക് ചുരുക്കിക്കളഞ്ഞത്. ഏറെക്കാലം വെള്ളിവെളിച്ചത്തിലില്ലാത്ത ഒരു ജനത തിരശ്ശീലയില്‍ പകര്‍ന്നാട്ടം തുടരട്ടെ രഞ്ജിത്ത്. മനംമയക്കുന്ന ഭൂപ്രദേശങ്ങളാണ് ഞങ്ങളുടെ ഉയിര്‍. മനംമയക്കുന്ന കലാകാരന്മാരാണ് ഞങ്ങളുടെ തുടിപ്പ്.

അല്ലാതെ മയക്കുമരുന്നല്ല. അതുകൊണ്ട് പറഞ്ഞ അവിവേകം താങ്കള്‍ തിരിച്ചെടുക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

Other News in this category



4malayalees Recommends