മനുഷ്യരെ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് സിനിമ; കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് പികെ ഫിറോസ്

മനുഷ്യരെ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് സിനിമ; കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് പികെ ഫിറോസ്
വിവാദമായ ചിത്രം ദി കേരള സ്റ്റോറിയ്‌ക്കെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് സിനിമയാണിത്. സംവിധായകന്‍ സുദിപ്‌തോ സെന്നിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ദി കേരള സ്റ്റോറി' എന്ന പേരില്‍ സുദിപ്‌തോ സെന്നിന്റെ ഒരു പ്രൊപ്പഗണ്ട സിനിമ ഇറങ്ങുന്നതിന്റെ ചര്‍ച്ചകളാണ് എങ്ങും. ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ വേണ്ടി മുസ്ലിംകള്‍ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്.

ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാല്‍ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തില്‍ കേരളത്തില്‍ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്.

ഇസ്ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങള്‍ നിഷിദ്ധമായി കാണുമ്പോള്‍ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിംകള്‍ എന്തോ പുണ്യപ്രവൃത്തി പോലെ ഇത് ചെയ്യുന്നുവെന്നു വിശ്വസിക്കാന്‍ ആരെങ്കിലും തയ്യാറാവുമോ?.

ഇരുപത് വര്‍ഷങ്ങള്‍ക്ക് കൊണ്ട് ഇതൊരു മുസ്ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദന്റെ വര്‍ഗ്ഗീയ പ്രസ്താവനയും സപ്പോര്‍ട്ടീവ് റഫറന്‍സായി ട്രെയിലറിലുണ്ട്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് സിനിമയാണിത്. അങ്ങിനെയെങ്കില്‍ ഇത് ആവിഷ്‌കാര സ്വാതന്ത്ര്യമോ സിനിമയോ അല്ല. വിവിധ മതവിശ്വാസികള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നതിന് സംവിധായകനെതിരെ കേസെടുക്കണം. പ്രദര്‍ശനത്തിന് യാതൊരു കാരണവശാലും അനുമതി നല്‍കാന്‍ പാടില്ലെന്നാണ് ഫിറോസ് പറഞ്ഞത്.


Other News in this category



4malayalees Recommends