കൊലപാതകം സിപിഐഎം ആലോചിച്ച് ചെയ്തതാണെന്ന പരാമര്‍ശം ; കായംകുളത്തെ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ സത്യന്റെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

കൊലപാതകം സിപിഐഎം ആലോചിച്ച് ചെയ്തതാണെന്ന പരാമര്‍ശം ;  കായംകുളത്തെ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ സത്യന്റെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
കായംകുളത്തെ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ സത്യന്റെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. കൊലപാതകത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. സത്യന്റെ കൊലപാതകം സിപിഐഎം ആലോചിച്ച് ചെയ്തതാണെന്ന പരാമര്‍ശമുളള ജില്ലാ പഞ്ചായത്തംഗത്തിന്റെ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ടത്.

ഈ കേസിലെ പ്രതിയായ ബിപിന്‍ സി ബാബുവിന്റേതാണ് വെളിപ്പെടുത്തല്‍. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് കൊലപാതകം സിപിഐഎം ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് ബിപിന്‍ പറഞ്ഞിരിക്കുന്നത്.

2001 ലാണ് ഐഎന്‍ടിയുസി നേതാവായ സത്യന്‍ കരിയിലക്കുളങ്ങരയില്‍ വച്ച് കൊല്ലപ്പെട്ടത്. 2006 ല്‍ വിധി പുറപ്പെടുവിച്ച കോടതി തെളിവില്ലെന്ന് കണ്ട് ഏഴ് പ്രതികളെയും വെറുതെ വിടുകയായിരുന്നു. സത്യന്‍ കൊലക്കേസിലെ ആറാം പ്രതിയാണ് ബിപിന്‍ സി ബാബു. നേരത്തെ പാര്‍ട്ടി ഇയാളെ സസ്‌പെന്റ് ചെയ്തിരുന്നു. അടുത്തകാലത്തായി തിരിച്ചെടുത്തെങ്കിലും സിപിഐഎം കായംകുളം മുന്‍ ഏരിയാ സെന്റര്‍ അംഗമായിരുന്ന ബിപിനെ ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കാന്‍ തീരുമാനിച്ച് കത്തെഴുതിയത്.

പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തില്‍ നിരപരാധിയായിട്ടും 19വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന താന്‍ 65 ദിവസം ജയിലില്‍ കിടന്നുവെന്നാണ് കത്തില്‍ പറയുന്നത്. കെ എച്ച് ബാബുജാനെതിരെയുള്ള ആരോപണവും കത്തില്‍ ഉന്നയിക്കുന്നുണ്ട്. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും പറയുന്നു.

Other News in this category



4malayalees Recommends