ആദ്യം ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തടയൂ; എന്നിട്ട് മതി പിണറായിക്കെതിരെയുള്ള വിമര്‍ശനം; രാഹുലിനെതിരെ യെച്ചൂരി

ആദ്യം ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തടയൂ; എന്നിട്ട് മതി പിണറായിക്കെതിരെയുള്ള വിമര്‍ശനം; രാഹുലിനെതിരെ യെച്ചൂരി
കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയന്‍ മോദിയെ വിമര്‍ശിക്കുന്നില്ലെന്ന് ആരോപിക്കുന്ന രാഹുല്‍ ഗാന്ധി ആദ്യം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് തടയട്ടെയെന്ന് യെച്ചൂരി പറഞ്ഞു.

എഐസിസി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും ബിജെപിയില്‍ ചേക്കേറുന്നത് തടയാന്‍ കഴിയാത്തവര്‍ പിണറായി വിജയനെയും ഇടതുപക്ഷത്തെയും വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. കേരളത്തില്‍ ആന്റണിയുടെയും കെ. കരുണാകരന്റെയും മക്കള്‍ എങ്ങോട്ടാണ് പോയത്. സംഘ്പരിവാറിനെതിരെ യഥാര്‍ഥ പോരാട്ടം നടത്തുന്നത് ഇടതുപക്ഷമാണെന്നും യെച്ചൂരി പറഞ്ഞു.

കഴിഞ്ഞ ദിവസം രാഹുല്‍ പിണറായിക്കെതിരെ കടന്നാക്രമണം നടത്തിയിരുന്നു.

കേന്ദ്രം ഭരിക്കുന്ന ബിജെപി എന്തുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടുന്നില്ലെന്നാണണ് അദേഹം ചോദിച്ചത്. ബിജെപിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ത്യയിലെ മൂന്നു മുഖ്യമന്ത്രിമാരെ ജയിലില്‍ അടച്ചിരിക്കുയാണ്. എന്നാല്‍, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദേഹം പറഞ്ഞു.

ഇന്ത്യയെ വിഭജിക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ശക്തമായി പോരാടുന്ന തന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

എന്നെ പിണറായി വിജയന്‍ എതിര്‍ക്കുന്നതില്‍ സന്തോഷമേയുള്ളു. പക്ഷെ ആര്‍എസ്എസിനെതിരേ അദേഹം ഇടയ്ക്ക് എന്തെങ്കിലും പറയണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണെന്നും അദേഹം പരിഹസിച്ചു.

Other News in this category



4malayalees Recommends