ഇപി ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഐഎം നേതൃത്വം ഒന്നും ചെയ്യില്ല, കാരണം ഭയം ; കെ സുധാകരന്‍

ഇപി ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഐഎം നേതൃത്വം ഒന്നും ചെയ്യില്ല, കാരണം ഭയം ; കെ സുധാകരന്‍
ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദത്തില്‍ ഇ പി ജയരാജനെ പാര്‍ട്ടി സംരക്ഷിച്ചത് പിണറായി വിജയനെയും അഴിമതി നിറഞ്ഞ സിപിഐഎമ്മിനെയും രക്ഷിക്കാനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജയരാജനെതിരെ നടപടിയുണ്ടാവില്ലെന്ന് ആദ്യം മുതല്‍ താന്‍ പറഞ്ഞതല്ലേ എന്ന് ചോദിച്ച സുധാകരന്‍ അഴിമതിയുടെ കൊട്ടാരം കാത്തുസൂക്ഷിക്കുന്ന പ്രധാന കക്ഷിയാണ് ഇപിയെന്നും അദ്ദേഹത്തെ തൊട്ടാല്‍ കൊട്ടാരം മൊത്തം കത്തുമെന്നും ആരോപിച്ചു. അതുകൊണ്ട് ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഐഎം നേതൃത്വം ഒന്നും ചെയ്യില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

സെഞ്ച്വറി അടിച്ച പ്ലെയറെപ്പോലെ അല്ലേ ഇപി സിപിഐഎം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് ഇറങ്ങിപ്പോയതെന്ന് സുധാകരന്‍ ചോദിച്ചു. ഇപിക്കെതിരെ നടപടിയെടുത്താല്‍ പിണറായി വിജയന്‍ അടക്കം അകത്ത് പോകേണ്ടി വരും. പിണറായി വിജയനെ സംരക്ഷിക്കാനാണ് സിപിഐഎം ഇപിക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും പിണറായിയെ രക്ഷിക്കാനല്ലെങ്കില്‍ പിന്നെ എന്തിന് ജയരാജന്‍ എല്ലാം മറച്ചുവെക്കണമെന്നും സുധാകരന്‍ ചോദിച്ചു.

നേതാവിനോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇപി മാറി നില്‍ക്കണമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സിപിഐഎം ജയരാജന് നല്‍കിയ ഉപദേശം. ചെയ്തതും പോരാ കട്ടതും പോരാ എന്നിട്ട് അത് പറഞ്ഞ ആളുകള്‍ക്കെതിരെ കേസ് കൊടുക്കണം എന്നാണ് പാര്‍ട്ടി നല്‍കിയ ഉപദേശം അതിന്റെ സന്തോഷമാണ് ഇന്നലെ കണ്ടതെന്നും സുധാകരന്‍ പരിഹസിച്ചു

Other News in this category



4malayalees Recommends