കൊല്ലപ്പെട്ടെന്ന് കരുതിയ സഹോദരിമാര്‍ ജീവനോടെ തിരിച്ചെത്തി ; കൊലപാതക കേസില്‍ അന്വേഷണം നടക്കവേ ട്വിസ്റ്റ്

കൊല്ലപ്പെട്ടെന്ന് കരുതിയ സഹോദരിമാര്‍ ജീവനോടെ തിരിച്ചെത്തി ; കൊലപാതക കേസില്‍ അന്വേഷണം നടക്കവേ ട്വിസ്റ്റ്
കൊല്ലപ്പെട്ടെന്ന് കരുതിയ സഹോദരിമാര്‍ ജീവനോടെയുണ്ടെന്നറിഞ്ഞതിന്റെ അമ്പരപ്പിലാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ഒരു കുടുംബം. സിനിമയെ വെല്ലുന്ന കഥയെന്നാണ് സംഭവത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇവരെ കാണാതായത്. ഇരുവരും കൊല്ലപ്പെട്ടെന്ന് കരുതി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ വഴിത്തിരിവ്.

സീതയും (20) ഗീതയും (21) സഹോദരനും മാതാപിതാക്കള്‍ക്കുമൊപ്പം ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. 2023 ജനുവരിയിലാണ് ഇരുവരെയും കാണാനില്ലെന്ന് സഹോദരന്‍ അജയ് പ്രജാപതി പൊലീസില്‍ പരാതി നല്‍കിയത്. സഹോദരിമാരെ തെരയുന്നതിനിടെഗ്രാമത്തിലുള്ള ഒരു യുവാവ് നടത്തിയ പ്രസ്താവന സംഭവത്തിന്റെ ഗതി തന്നെ മാറ്റി. സഹോദരിമാരില്‍ ഒരാളുമായി പ്രണയത്തിലാണെന്ന് ആരോപിതനായ ജയ്‌നാഥും കുടുംബവും അജയ്‌യെ ഭീഷണിപ്പെടുത്തി പറഞ്ഞത് നിനക്കും നിന്റെ സഹോദരിമാരുടെ ഗതി വരും എന്നാണ്.

ഇതോടെ പേടിച്ചുപോയ അജയ് പൊലീസ് സ്റ്റേഷനിലെത്തി ജയ്‌നാഥിനും കുടുംബത്തിനുമെതിരെ കൊലപാതകക്കുറ്റം ആരോപിച്ച് പരാതി നല്‍കി. എന്നാല്‍, തെളിവുകളില്ലാതെ കേസ് എടുക്കാന്‍ പൊലീസ് വിസമ്മതിച്ചു. തുടര്‍ന്ന് അജയ് കോടതിയെ സമീപിക്കുകയും ഒരു വര്‍ഷത്തിനു ശേഷം കോടതി നിര്‍ദേശത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഗോരഖ്പൂര്‍ പൊലീസ് നാല് മാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഹോദരിമാര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. പ്രണയിക്കുന്നവരെ വിവാഹം ചെയ്യാനായി ഇവര്‍ വീട്ടില്‍ നിന്ന് ഒളിച്ചോടിയതാണ്. സഹോദരന്‍ കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഇരുവരും നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തങ്ങളുടെ പേരില്‍ ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന് കരുതിയാണ് നേരിട്ട് വന്നതെന്ന് സഹോദരിമാര്‍ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹരിയാന സ്വദേശിയായ വിജേന്ദറിനെയാണ് സീത വിവാഹം ചെയ്തത്. ഇവര്‍ക്ക് അഞ്ച് മാസം പ്രായമായ ഒരു പെണ്‍കുഞ്ഞുണ്ട്. സുഹൃത്തായ ഉത്തരാഖണ്ഡ് സ്വദേശി സുരേഷ് റാമിനെ വിവാഹം ചെയ്യാനാണ് ഗീത വിടുവിട്ട് പോയത്. ഇവര്‍ക്ക് ആറ് മാസം പ്രായമായ ഒരു പെണ്‍കുഞ്ഞ് ഉണ്ട്.

Other News in this category



4malayalees Recommends