യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍
മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുകവലിയ്ക്കുന്നവര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 2019-ല്‍ പ്രതിദിനം ശരാശരി 11 സിഗററ്റുകളാണ് വലിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 2008 ആദ്യം ഇത് 14 ആയിരുന്നു. എന്നാല്‍ ഈ കണക്കുകളില്‍ പിന്നീട് വലിയ വ്യത്യാസം വന്നിട്ടില്ല. കൊവിഡ് ഈ വിഷയത്തെ സ്വാധീനിച്ച ഘടകമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

വര്‍ക്ക് ഫ്രം ഹോം വന്നതോടെ കൂടുതല്‍ പുകവലി ഇടവേളകള്‍ വീണുകിട്ടിയതാണ് ഇതിന് കാരണമായി കരുതുന്നത്. പുകയിലയ്ക്ക് എതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടില്‍ ഓരോ ദിവസവും 45.5 മില്ല്യണ്‍ സിഗററ്റുകളാണ് പുകയ്ക്കുന്നത്. 2011-ല്‍ ഇത് 77.1 മില്ല്യണായിരുന്നു.

പുകവലിക്ക് എതിരായ പോരാട്ടം യുകെ ഗവണ്‍മെന്റ് നിര്‍ത്താന്‍ സമയമായിട്ടില്ലെന്ന് ഈ പഠനം വ്യക്തമാക്കുന്നതായി ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ എക്‌സിക്യൂട്ടീവ് പോളിസി ഡയറക്ടര്‍ ഡോ. ഇയാന്‍ വാക്കര്‍ പറഞ്ഞു. എല്ലാ പുകയില ഉത്പന്നങ്ങളും ഹാനികരമാണ്. പുകവലി മൂലമുള്ള ക്യാന്‍സറുകള്‍ അവസാനിപ്പിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പുകയില ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രായം വര്‍ദ്ധിപ്പിച്ച നടപടിയിലൂടെ നിയന്ത്രണത്തില്‍ യുകെ മുന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends