ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തുന്നു, യുകെയില്‍ ഭവനവില താഴുന്നു; വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഭാരമായി മാറുന്നു; പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്കുകള്‍

ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തുന്നു, യുകെയില്‍ ഭവനവില താഴുന്നു; വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഭാരമായി മാറുന്നു; പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്കുകള്‍
ഏപ്രില്‍ മാസത്തിലും രാജ്യത്തെ ഭവനവിലകള്‍ താഴ്ന്നു. വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്തതിന്റെ സമ്മര്‍ദം നേരിടുന്നത് തുടരുകയാണെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി. മുന്‍ മാസത്തെ അപേക്ഷിച്ച് യുകെ ഭവനവിലയില്‍ 0.4% കുറവാണ് നേരിട്ടിരിക്കുന്നതെന്ന് യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി പറഞ്ഞു.

ശരാശരി ഭവനവില 261,962 പൗണ്ടിലെത്തിയതായി നേഷന്‍വൈഡ് പറയുന്നു, 2022 സമ്മറിലെ വിലയില്‍ നിന്നും 4% ഇടിവാണ് നിരക്കുകളില്‍ ഉണ്ടായിട്ടുള്ളത്. കടമെടുപ്പ് ചെലവുകള്‍ വര്‍ദ്ധിക്കുന്നതാണ് നിരക്ക് താഴാന്‍ പ്രധാന ഘടകമെന്ന് സൊസൈറ്റി വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ലെന്‍ഡര്‍മാരാണ് പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ കാലതാമസം നേരിടുമെന്ന സൂചന വന്നതോടെയാണ് ഈ വര്‍ദ്ധനവുകള്‍ക്ക് വഴിതെളിച്ചത്.

ഹാലിഫാക്‌സാണ് ഏറ്റവും ഒടുവിലായി ഉയര്‍ന്ന നിരക്കുകള്‍ പ്രഖ്യാപിച്ചത്. 0.2 ശതമാനം പോയിന്റാണ് ഇവര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്. ഫിക്‌സഡ് മോര്‍ട്ട്‌ഗേജിലെ പലിശ നിരക്കുകള്‍ ഡീല്‍ അവസാനിക്കുന്നത് വരെ മാറ്റമില്ലാതെ തുടരും. രണ്ട്, അല്ലെങ്കില്‍ അഞ്ച് വര്‍ഷം വരെയാണ് സാധാരണ ഡീലുകള്‍.

ചെലവ് കുറഞ്ഞ മോര്‍ട്ട്‌ഗേജുകള്‍ ഇനി എളുപ്പത്തില്‍ തിരിച്ചുവരില്ലെന്നാണ് എസ്പിഎഫ് പ്രൈവറ്റ് ക്ലൈന്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ഹാരിസിന്റെ വിലയിരുത്തല്‍. വരും ആഴ്ചകളിലും, മാസങ്ങളിലും മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ ഉയരലും, താഴലും പ്രതീക്ഷിക്കാം, ഹാരിസ് വ്യക്തമാക്കി. യുകെ ഭവനവിലയില്‍ തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇടിവ് ഉണ്ടാകുന്നത്.

അതേസമയം ആദ്യത്തെ വീട് വാങ്ങുന്നവര്‍ ഉയര്‍ന്ന ഭവനവിലയും, ഉയര്‍ന്ന കടമെടുപ്പ് ചെലവുകളും മൂലം പദ്ധതികള്‍ മാറ്റിവെയ്ക്കുന്നതായും നേഷന്‍വൈഡ് പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു വീട് വാങ്ങണമെന്ന് ആഗ്രഹിക്കുന്ന പകുതിയോളം പേരും ഈ പദ്ധതി വൈകിപ്പിക്കുന്നതായാണ് സര്‍വ്വെ കണ്ടെത്തിയത്.

Other News in this category



4malayalees Recommends