ലണ്ടനില്‍ സാദിഖ് ഖാന്റെ പടയോട്ടം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റ് മേയര്‍ സ്ഥാനത്ത് നിന്നും പുറത്ത്; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 470 കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടം; ഋഷി സുനാകിനും, ടോറികള്‍ക്കും തിരിച്ചടിയുടെ തെരഞ്ഞെടുപ്പ്

ലണ്ടനില്‍ സാദിഖ് ഖാന്റെ പടയോട്ടം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റ് മേയര്‍ സ്ഥാനത്ത് നിന്നും പുറത്ത്; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 470 കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടം; ഋഷി സുനാകിനും, ടോറികള്‍ക്കും തിരിച്ചടിയുടെ തെരഞ്ഞെടുപ്പ്
ടോറികളുടെ പടക്കുതിരയും, മേയര്‍ തെരഞ്ഞെടുപ്പിലെ പ്രധാന പ്രതീക്ഷയുമായിരുന്ന ആന്‍ഡി സ്ട്രീറ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ പൊരുതി വീണതോടെ പ്രധാനമന്ത്രി ഋഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം. മുന്‍ ജോണ്‍ ലൂയിസ് മേധാവി സ്ഥാനം നിലനിര്‍ത്താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരത്തിച്ചപ്പോള്‍ കേവലം 1000 വോട്ടുകളുടെ വ്യത്യാസത്തില്‍ ലേബര്‍ അട്ടിമറി വിജയം നേടുകയായിരുന്നു.

ലേബറിന്റെ റിച്ചാര്‍ഡ് പാര്‍ക്കര്‍ 225,590 വോട്ടുകള്‍ നേടിയാണ് വിജയം കൈവ രിച്ചത്. പല തവണ റീകൗണ്ട് ചെയ്യുകയും, കലുഷിതമായ അന്തരീക്ഷത്തിനും ഒടുവിലാണ് ഫലം പ്രഖ്യാപിച്ചത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ ഏതാണ്ട് 470 സീറ്റുകളില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഈ തിരിച്ചടി. ലണ്ടനില്‍ സാദിഖ് ഖാന്‍ വീണ്ടും മേയറായി വിജയിച്ച് കയറിയതും ആഘാതമായി.

30 വര്‍ഷത്തിനിടെ ആദ്യമായി ലിബറല്‍ ഡെമോക്രാറ്റുകളേക്കാള്‍ കുറവ് കൗണ്‍സിലര്‍മാരാണ് ടോറികള്‍ക്ക് ഇപ്പോഴുള്ളത്. തോല്‍വികളുടെ ആഘാതത്തില്‍ നിന്നും മുക്തി നേടാന്‍ നികുതി വെട്ടിക്കുറവുകള്‍ ഉള്‍പ്പെടെ നയപ്രഖ്യാപനം നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ സുനാകിനെ താഴെയിറക്കാനുള്ള മോഹം ടോറി വിമതര്‍ ഉപേക്ഷിച്ചതും ആശ്വാസമായി.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഋഷി സുനാക് തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കുമെന്നാണ് ഇപ്പോഴുള്ള തീരുമാനമെന്ന് ഉപപ്രധാനമന്ത്രി ഒലിവര്‍ ഡൗഡെന്‍ പറഞ്ഞു. ടീസ് വാലി മേയര്‍ ബെന്‍ ഹൗചെന്‍ മാത്രമാണ് ഏക കണ്‍സര്‍വേറ്റീവ് മേയറായി ബാക്കിയുള്ളത്.


Other News in this category



4malayalees Recommends