പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്

പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്
വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്ക് അയവ് വരുന്നതിന്റെ ശക്തമായ സൂചനകള്‍ക്കായാണ് ബാങ്ക് മേധാവികള്‍ തിരച്ചില്‍ നടത്തുന്നത്.

നിലവില്‍ 5.25 ശതമാനത്തില്‍ തുടരുന്ന നിരക്കുകളില്‍ മാറ്റം വരാന്‍ ഇടയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഈ നിലയിലാണ് അടിസ്ഥാന നിരക്ക്. ഇതോടെ ഹോം ലോണ്‍ സമ്മര്‍ദം കുറയാന്‍ കടമെടുപ്പുകാര്‍ കൂടുതല്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.

മാര്‍ച്ച് മാസത്തിലെ അവസാന യോഗത്തില്‍ എംപിസി അംഗം സ്വാതി ഡിന്‍ഗ്ര മാത്രമാണ് 0.25 ശതമാനം പോയിന്റ് നിരക്ക് കുറയ്ക്കാന്‍ വോട്ട് ചെയ്തത്. ബാക്കിയുള്ള എട്ട് അംഗങ്ങളും മാറ്റം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കുറി ഇതില്‍ നിന്നും വലിയ മാറ്റങ്ങള്‍ക്ക് സാധ്യത ഉണ്ടാകില്ലെന്നാണ് കരുതുന്നത്.

പലിശ നിരക്കുകള്‍ മുന്‍നിര്‍ത്തിയാണ് പണപ്പെരുപ്പത്തിന് എതിരായ പോരാട്ടം നടക്കുന്നത്. 2022-ല്‍ കൊടുമുടി കയറിയ പണപ്പെരുപ്പം ഇപ്പോള്‍ കുത്തനെ താഴ്ന്നിട്ടുണ്ട്. മാര്‍ച്ചില്‍ സിപിഐ പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് താഴ്ന്നു. അതേസമയം ശമ്പള വര്‍ദ്ധനവും, സര്‍വ്വീസ് സെക്ടര്‍ പണപ്പെരുപ്പവും ഉയര്‍ന്ന് നില്‍ക്കുകയാണ്.

വ്യാഴാഴ്ച മോണിറ്ററി പോളിസി റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ ബാങ്കിന്റെ നയം സംബന്ധിച്ച് വ്യക്തത വരും. ഇതിനിടെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് നിലനിര്‍ത്തുന്നായി പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends