അഭയാര്‍ത്ഥികളെ കാണ്‍മാനില്ല! അഞ്ച് വര്‍ഷത്തിനിടെ ഹോം ഓഫീസിന് 21,000 അഭയാര്‍ത്ഥി അപേക്ഷകരുമായി ബന്ധം നഷ്ടമായി; യഥാര്‍ത്ഥ കണക്കുകള്‍ കൂടുതല്‍ ഉയരത്തിലാകും; റുവാന്‍ഡ പദ്ധതി നടപ്പായതിന് പിന്നാലെ ഞെട്ടിക്കുന്ന കണക്ക്

അഭയാര്‍ത്ഥികളെ കാണ്‍മാനില്ല! അഞ്ച് വര്‍ഷത്തിനിടെ ഹോം ഓഫീസിന് 21,000 അഭയാര്‍ത്ഥി അപേക്ഷകരുമായി ബന്ധം നഷ്ടമായി; യഥാര്‍ത്ഥ കണക്കുകള്‍ കൂടുതല്‍ ഉയരത്തിലാകും; റുവാന്‍ഡ പദ്ധതി നടപ്പായതിന് പിന്നാലെ ഞെട്ടിക്കുന്ന കണക്ക്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ 20,000ലേറെ അഭയാര്‍ത്ഥി അപേക്ഷകര്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികളെന്ന് അവകാശപ്പെട്ട ചുരുങ്ങിയത് 21,107 വിദേശ പൗരന്‍മാരെ കണ്ടെത്താന്‍ ഹോം ഓഫീസിന് സാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കാണാതായ ഭൂരിഭാഗം പേര്‍ക്കും യുകെയില്‍ തുടരാന്‍ അവകാശമില്ല. ഇവരുടെ വാദങ്ങള്‍ തള്ളുകയോ, പിന്‍വലിക്കുകയോ ചെയ്തിട്ടുള്ളതാണ്. 2023 സെപ്റ്റംബര്‍ വരെയുള്ള അഞ്ച് വര്‍ഷത്തെ കണക്കുകള്‍ മാത്രമാണ് ഇതില്‍ ഇടം പിടിച്ചിട്ടുള്ളത്. അതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഏറെ കൂടുതലാകുമെന്നാണ് വിലയിരുത്തല്‍.

അഭയാര്‍ത്ഥി സിസ്റ്റം പൂര്‍ണ്ണമായും 'റീബൂട്ട്' ചെയ്യണമെന്നാണ് ഇത് കാണിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ടോറി എംപി ചൂണ്ടിക്കാണിച്ചു. യുകെയില്‍ തുടരാന്‍ അനുമതിയില്ലാത്ത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള പദ്ധതി ഗവണ്‍മെന്റ് നടപ്പാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഹോം ഓഫീസ് പദ്ധതിക്ക് തുടക്കം കുറിച്ചതോടെ എത്രയെന്ന് വെളിപ്പെടുത്താത്ത തോതില്‍ ആളുകളെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. എട്ട് മുതല്‍ പത്ത് ആഴ്ചകള്‍ക്കുള്ളില്‍ ആദ്യ വിമാനങ്ങള്‍ പറന്ന് തുടങ്ങുമെന്നാണ് സുനാകിന്റെ വാഗ്ദാനം.

ഹോം ഓഫീസിന്റെ സ്‌പെഷ്യല്‍ ഡാറ്റാബേസില്‍ 21,107 അഭയാര്‍ത്ഥി അപേക്ഷകരാണുള്ളത്. ഇവരെ ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാത്തതാണ് ഇവരെ ഇതില്‍ ഉള്‍പ്പെടുത്താന്‍ കാരണം.

Other News in this category



4malayalees Recommends