അടുത്ത ബന്ധുക്കളെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന താമസക്കാര്‍ക്ക് പ്രതിമാസം കുറഞ്ഞത് 4,000 ദിര്‍ഹം ശമ്പളം ഉണ്ടായിരിക്കണം. അടുത്ത ബന്ധുക്കളല്ലാത്ത, രണ്ടാം തലത്തിലുള്ളതോ മൂന്നാം തലത്തിലുള്ളതോ ആയ ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പ്രതിമാസ ശമ്പളം കുറഞ്ഞത് 8,000 ദിര്‍ഹം ആയിരിക്കണം.
സുഹൃത്തുക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് 15,000 ദിര്‍ഹം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. വിസ നടപടിക്രമങ്ങളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിനും, സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നതിനും, കഴിവുള്ള വ്യക്തികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഐസിപിയുടെ വിപുലമായ മാറ്റങ്ങളുടെ ഭാഗമാണ് ഈ ശമ്പള നിബന്ധന.
വിസിറ്റ് വിസകളുടെ കാലാവധി, ദീര്‍ഘിപ്പിക്കാനുള്ള അധികാരം എന്നിവ ഈ പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആറ് തരം അനുവദനീയമായ താമസ കാലാവധിയാണ് ഇതില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് നടപടിക്രമങ്ങള്‍ ലളിതമാക്കാനും വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും അപേക്ഷകരെ സഹായിക്കും. ബിസിനസ് സാധ്യതകള്‍ തേടുന്ന വിസയ്ക്ക് അപേക്ഷിക്കുന്നയാള്‍ക്ക് അതിനുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം. രാജ്യത്തിന് പുറത്ത് നിലനില്‍ക്കുന്ന കമ്പനിയില്‍ പങ്കാളിത്തമോ വൈദഗ്ദ്യമോ വേണം. അല്ലെങ്കില്‍ തെളിയിക്കപ്പെട്ട പ്രഫഷനല്‍ യോഗ്യത വേണം.