പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള മാര്‍ഗനിര്‍ദ്ദേശം ഇന്ന് മുതല്‍ നിലവില്‍ വന്നു
എല്ലാ വിമാനങ്ങളിലും പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്രക്കാര്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു പവര്‍ ബാങ്ക് കൈയ്യില്‍ കരുതാന്‍ ഇപ്പോഴും അനുമതിയുണ്ടെങ്കിലും വിമാനത്തിനുള്ളില്‍ ഒരു കാരണവശാലും ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് എയര്‍ലൈന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ എയര്‍ലൈന്‍ അറിയിച്ചിരുന്നു.
ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായി ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച പുതിയ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ ഓര്‍മ്മപ്പെടുത്തല്‍. പവര്‍ ബാങ്ക് ഉപയോഗിച്ച് മൊബൈല്‍ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാനോ, വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകള്‍ ഉപയോഗിച്ച് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. യാത്രക്കാര്‍ക്ക് ചില നിബന്ധനകളോടെ ഒരു പവര്‍ ബാങ്ക് കൈവശം വെക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ക്യാബിനിലിരിക്കുമ്പോള്‍ ഇത് ഉപയോഗിക്കരുത്.