ഓസ്‌ട്രേലിയയില്‍ കത്തുന്ന നിലയില്‍ ആകാശത്ത് നിന്ന് താഴെ വീണ അജ്ഞാത വസ്തു റോക്കറ്റ് ടാങ്ക് ആണെന്ന് സംശയം; ചൈനീസ് റോക്കറ്റിന്റെ ഭാഗമെന്ന് വിലയിരുത്തല്‍

ഓസ്‌ട്രേലിയയില്‍ കത്തുന്ന നിലയില്‍ ആകാശത്ത് നിന്ന് താഴെ വീണ അജ്ഞാത വസ്തു റോക്കറ്റ് ടാങ്ക് ആണെന്ന് സംശയം; ചൈനീസ് റോക്കറ്റിന്റെ ഭാഗമെന്ന് വിലയിരുത്തല്‍
പശ്ചിമ ഓസ്ട്രേലിയയിലെ ഇരുമ്പയിര് ഖനിക്ക് സമീപം കത്തുന്ന നിലയില്‍ ഒരു വസ്തു ആകാശത്ത് നിന്ന് താഴെ പതിച്ചു. ബഹിരാകാശ അവശിഷ്ടങ്ങളായിരിക്കാം ഇതെന്നാണ് സംശയം. ശനിയാഴ്ചയാണ് സംഭവം. അധികൃതര്‍ ഈ വസ്തു സുരക്ഷിതമായി മാറ്റിയെന്നും പൊതുജനങ്ങള്‍ക്ക് നിലവില്‍ ഭീഷണിയൊന്നുമില്ലെന്നും അറിയിച്ചു. ഉത്ഭവത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉയര്‍ന്നതോടെ ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. എങ്കിലും, സെപ്റ്റംബറില്‍ വിക്ഷേപിച്ച ഒരു ചൈനീസ് റോക്കറ്റിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് വിദഗ്ധരുടെ നിഗമനം.

വ്യാഴാഴ്ച പശ്ചിമ ഓസ്ട്രേലിയന്‍ പൊലീസ് ഫോഴ്സ് പുറത്തുവിട്ട ഒരു വീഡിയോയില്‍, ഉദ്യോഗസ്ഥര്‍ വസ്തുവിലേക്ക് നടന്നുനീങ്ങുന്നതും അത് പരിശോധിക്കുന്നതും കാണാം. 'പ്രാഥമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത് ഈ വസ്തു കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇത് കോമ്പോസിറ്റ്-ഓവര്‍റാപ്പ്ഡ് പ്രഷര്‍ വെസ്സല്‍ അല്ലെങ്കില്‍ റോക്കറ്റ് ടാങ്ക് ആയിരിക്കാമെന്നും ആണ്, ഇത് എയ്റോസ്പേസ് ഘടകങ്ങളുമായി പൊരുത്തപ്പെടുന്നതാണ്,' പൊലീസ് അറിയിച്ചു.

അന്വേഷണം ആരംഭിച്ച അധികൃതര്‍ ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോയുമായി കൂടിയാലോചന നടത്തിയിരുന്നു. ഈ വസ്തു ഒരു വാണിജ്യ വിമാനത്തില്‍ നിന്നുള്ളതല്ലെന്ന് അവര്‍ സ്ഥിരീകരിച്ചു. 'വസ്തു ഇപ്പോഴും അന്വേഷണത്തിലാണ്, എങ്കിലും അതിന്റെ സ്വഭാവസവിശേഷതകള്‍ മുന്‍പ് രേഖപ്പെടുത്തിയ ബഹിരാകാശ അവശിഷ്ടങ്ങളുമായി ഒത്തുപോകുന്നതാണ്' ഡബ്ല്യുഎ പൊലീസ് ഫോഴ്‌സ് അറിയിച്ചു. കൂടുതല്‍ സാങ്കേതിക വിലയിരുത്തലുകള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയിലെ എഞ്ചിനീയര്‍മാര്‍ വസ്തുവിന്റെ സ്വഭാവവും ഉറവിടവും സ്ഥിരീകരിക്കും.

സമയവും സ്ഥലവും കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു ചൈനീസ് റോക്കറ്റില്‍ നിന്നുള്ള അവശിഷ്ടമായിരിക്കാനാണ് സാധ്യതയെന്ന് പ്രമുഖ ബഹിരാകാശ പുരാവസ്തു ഗവേഷകയായ ആലീസ് ഗോര്‍മന്‍ അഭിപ്രായപ്പെട്ടു. 'ഇതൊരു ജീലോംഗ് റോക്കറ്റിന്റെ നാലാമത്തെ സ്റ്റേജ് ആണെന്ന് തോന്നുന്നുവെന്ന് ഫ്‌ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറായ ഗോര്‍മന്‍ പറഞ്ഞു. 'സെപ്റ്റംബര്‍ അവസാനമാണ് ജീലോംഗ് റോക്കറ്റ് ഒരെണ്ണം വിക്ഷേപിച്ചത്. ഉപേക്ഷിക്കപ്പെട്ട കൃത്രിമോപഗ്രഹങ്ങള്‍, ബഹിരാകാശ വാഹനങ്ങളുടെ ഭാഗങ്ങള്‍ തുടങ്ങിയ ബഹിരാകാശ അവശിഷ്ടങ്ങള്‍ നിയന്ത്രണമില്ലാതെ ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയെന്ന വര്‍ദ്ധിച്ചുവരുന്ന പ്രശ്‌നത്തിലേക്കും ഈ സംഭവം വെളിച്ചം വീശുന്നു.

Other News in this category



4malayalees Recommends