യുഎഇയിലെ ഫുജൈറയില്‍ നീന്തല്‍ക്കുളത്തില്‍ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
യുഎഇയിലെ ഫുജൈറയില്‍ നീന്തല്‍ക്കുളത്തില്‍ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. ദിബ്ബ അല്‍ ഫുജൈറയിലെ ഒരു സ്വകാര്യ ഫാമില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നീന്തല്‍ക്കുളത്തില്‍ വീണ് എമിറാത്തി ബാലനാണ് മുങ്ങി മരിച്ചത്. ഒരു കുടുംബ സംഗമത്തിനിടെയാണ് ഹൃദയഭേദകമായ ദുരന്തം സംഭവിച്ചത്.
ഓരോ വെള്ളിയാഴ്ചയും കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് സമയം ചെലവഴിക്കുന്നതിന്റെ ഭാഗമായി സ്ഥിരമായി വാരാന്ത്യ ഒത്തുചേരല്‍ നടത്തി വരാറുണ്ടായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. നീന്തല്‍ക്കുളത്തിനടുത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ കുളത്തിലേക്ക് വീഴുകയായിരുന്നു.
കുടുംബം എല്ലാ സുരക്ഷാ മുന്‍കരുതലുകളും കര്‍ശനമായി പാലിച്ചിരുന്നുവെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. നീന്തല്‍ക്കുളമുള്ള പ്രദേശം എപ്പോഴും പൂട്ടിക്കിടക്കാറുണ്ട്. കുട്ടികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത രീതിയിലാണ് ഗേറ്റ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. ദുരന്തം നടന്ന ദിവസം മുതിര്‍ന്നവരില്‍ ഒരാള്‍ സാധനം എടുക്കാനായി അകത്ത് കയറിയ ശേഷം വാതില്‍ ചെറുതായി തുറന്നിട്ടു. ആ സമയം ലൈറ്റുകള്‍ ഓഫായിരുന്നു, ആരും ശ്രദ്ധിക്കാതെ കുട്ടി അകത്തേക്ക് കടന്നുപോയതാകണമെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ കുട്ടിയെ ദിബ്ബ അല്‍ ഫുജൈറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് ജീവന്‍ രക്ഷിക്കാനായില്ല.