ദയവായി വാക്‌സിനെടുക്കൂ; വിക്ടോറിയയിലെ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി വെസ്‌റ്റേണ്‍ ഹെല്‍ത്ത് നഴ്‌സ്; കഴിഞ്ഞ വര്‍ഷത്തെ കോവിഡ്19 അടിയന്തരാവസ്ഥ ആവര്‍ത്തിക്കുമെന്ന് ഭയന്ന് നഴ്‌സുമാര്‍?

ദയവായി വാക്‌സിനെടുക്കൂ; വിക്ടോറിയയിലെ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി വെസ്‌റ്റേണ്‍ ഹെല്‍ത്ത് നഴ്‌സ്; കഴിഞ്ഞ വര്‍ഷത്തെ കോവിഡ്19 അടിയന്തരാവസ്ഥ ആവര്‍ത്തിക്കുമെന്ന് ഭയന്ന് നഴ്‌സുമാര്‍?
സമൂഹത്തെ സംരക്ഷിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് വിക്ടോറിയയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഫ്രണ്ട്‌ലൈനില്‍ ജോലി ചെയ്യുന്ന വെസ്‌റ്റേണ്‍ ഹെല്‍ത്ത് നഴ്‌സ്. കഴിഞ്ഞ വര്‍ഷം വെസ്‌റ്റേണ്‍ ഹോസ്പിറ്റലുകളില്‍ നേരിട്ട ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വിശദീകരിച്ച് കൊണ്ടാണ് നഴ്‌സ് കൈലി ഫിഷര്‍ കോവിഡ്19 പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.

'കഴിഞ്ഞ വര്‍ഷം വെസ്റ്റേണ്‍ ഹെല്‍ത്തില്‍ കോവിഡ്19 ബാധിച്ച് 400ലേറെ രോഗികളെയാണ് ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ നിരവധി രോഗികളെ നമ്മുടെ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്നുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ ഔട്ട്‌റീച്ച് ടീം എന്നറിയപ്പെടുന്ന ഒരു വിഭാഗം നഴ്‌സുമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഇവര്‍ അത്യാഹിത വിഭാഗത്തിലേക്ക് രോഗികള്‍ എത്താതെ ഐസിയുവിന്റെ സഹവിഭാഗമായി പ്രവര്‍ത്തിച്ച് സഹായിച്ചു. വാര്‍ഡ് നഴ്‌സുമാരെയും ഇവര്‍ പിന്തുണച്ചു', നഴ്‌സ് പറഞ്ഞു.

ചിലപ്പോഴെല്ലാം സമ്മര്‍ദത്തില്‍ മുങ്ങി, കരഞ്ഞ് നഴ്‌സുമാര്‍ എനിക്കരികില്‍ എത്തി. വാര്‍ഡുകളില്‍ സഹജീവനക്കാരെ എങ്ങിനെ പിന്തുണയ്ക്കുമെന്ന ആശങ്കയിലാണ് ഓരോരുത്തരും ജോലിക്ക് എത്തുന്നത്. പ്രതീക്ഷിക്കാത്ത തരത്തില്‍ രോഗികള്‍ വാര്‍ഡിലെത്തും. 12 മണിക്കൂര്‍ ഷിഫ്റ്റ് കഴിഞ്ഞ് കുളിച്ച ശേഷം ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തി ഗ്യാരേജില്‍ സ്‌ക്രബ്‌സ് മാറ്റിയ ശേഷം വീണ്ടും കുളിച്ചാണ് പ്രിയപ്പെട്ടവരുടെ അരികില്‍ പോലും നഴ്‌സുമാര്‍ക്ക് എത്താന്‍ കഴിയുന്നത്, കൈലി ഫിഷര്‍ ചൂണ്ടിക്കാണിച്ചു.

12 മണിക്കൂര്‍ തുടര്‍ച്ചയായി പിപിഇ അണിഞ്ഞ് മൂക്കിലും, ചെവിയിലും രക്തം വന്ന അവസ്ഥയില്‍ നഴ്‌സുമാരെ കാണേണ്ടി വന്നു. ആരോഗ്യമുള്ള ചെറുപ്പക്കാരെ മിനിറ്റുകള്‍ കൊണ്ട് ഐസിയുവിലേക്ക് മാറ്റുമ്പോള്‍ നഴ്‌സുമാരും വിഷമിക്കുകയാണ്, അവര്‍ വ്യക്തമാക്കി.

നമുക്ക് ശാസ്ത്രമുണ്ട്, വാക്‌സിനുമുണ്ട്. വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ദയവായി വാക്‌സിന്‍ സ്വീകരിക്കൂ, തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നഴ്‌സ് ആവശ്യപ്പെട്ടു. നിങ്ങളെയും, കുടുംബത്തെയും, സമൂഹത്തെയും സുരക്ഷിതമാക്കാന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് വിക്ടോറിയന്‍ നഴ്‌സിന്റെ ആഹ്വാനം.



Other News in this category



4malayalees Recommends