ഓസ്‌ട്രേലിയയില്‍ 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ്-19 വാക്‌സിനേഷന്‍ വരുന്നു! മൂന്നിലൊന്ന് ഡോസ് നല്‍കുന്നത് മികച്ച പ്രതിരോധം സൃഷ്ടിക്കുന്നുവെന്ന് ഫൈസര്‍; അംഗീകാരത്തിന് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി

ഓസ്‌ട്രേലിയയില്‍ 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ്-19 വാക്‌സിനേഷന്‍ വരുന്നു! മൂന്നിലൊന്ന് ഡോസ് നല്‍കുന്നത് മികച്ച പ്രതിരോധം സൃഷ്ടിക്കുന്നുവെന്ന് ഫൈസര്‍; അംഗീകാരത്തിന് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി

ഓസ്‌ട്രേലിയയില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ള കോവിഡ്-19 വാക്‌സിന്‍ അംഗീകാരത്തിനായി അപേക്ഷിക്കാന്‍ ഫൈസറിനോട് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട്. ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളില്‍ വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നതായും, യുഎസില്‍ ഈ മാസം അംഗീകാരത്തിനായി അപേക്ഷിക്കുമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്‍ വ്യക്തമാക്കിയിരുന്നു.


ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയ മരുന്ന് കമ്പനിയോട് അംഗീകാരത്തിനായി എത്താന്‍ ആവശ്യപ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ ഈ വാക്‌സിന്‍ അംഗീകാരം നേടിയിരുന്നു. അഞ്ച് മുതല്‍ 11 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അംഗീകാരത്തിനായി ഓസ്‌ട്രേലിയയുടെ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷനെ സമീപിക്കാനാണ് ഫൈസര്‍ ഓസ്‌ട്രേലിയ മേധാവി ആനി ഹാരിസിന് ഹണ്ട് കത്തയച്ചത്.

ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ അംഗീകാരം ലഭിച്ചാല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ഹണ്ട് വ്യക്തമാക്കി. 12ല്‍ താഴെയുള്ള കുട്ടികള്‍ക്ക് നിലവില്‍ നല്‍കുന്നതിന്റെ മൂന്നിലൊന്ന് ഡോസാണ് ഫൈസര്‍ പരീക്ഷിച്ചത്. രണ്ടാം ഡോസ് ലഭിച്ച ശേഷം ഇവരില്‍ കൊറോണാവൈറസിന് എതിരെ പോരാടുന്ന ആന്റിബോഡി അളവ് കൗമാരക്കാരുടെയും, ചെറുപ്പക്കാരുടെയും സമാനമായ നിലയില്‍ ശക്തമായി കാണപ്പെട്ടു, ഫൈസര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ബില്‍ ഗ്രുബര്‍ പറഞ്ഞു.

കുറഞ്ഞ ഡോസ് കുട്ടികളില്‍ സുരക്ഷിതമാണെന്നതിന് പുറമെ പ്രത്യാഘാതങ്ങളും കുറവാണെന്ന് കണ്ടെത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പനി, തടിപ്പ്, ശരീരവേദന പോലുള്ള താല്‍ക്കാലിക പ്രശ്‌നങ്ങള്‍ മാത്രമാണ് രൂപപ്പെട്ടത്.

ഈ മാസത്തിന്റെ അവസാനത്തോടെ യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്‍പാകെ വാക്‌സിന്‍ അംഗീകാരത്തിനായി എത്തുമെന്ന് ഡോ. ഗ്രുബര്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends