ക്യൂന്‍സ്‌ലാന്‍ഡില്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടി കോവിഡ്-19 ബാധിച്ച് മരിച്ചു; 16 പേരുടെ മരണം കൂടി രേഖപ്പെടുത്തി സ്റ്റേറ്റ്; 9630 പുതിയ പോസിറ്റീവ് കേസുകള്‍; ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ക്യൂന്‍സ്‌ലാന്‍ഡില്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടി കോവിഡ്-19 ബാധിച്ച് മരിച്ചു; 16 പേരുടെ മരണം കൂടി രേഖപ്പെടുത്തി സ്റ്റേറ്റ്; 9630 പുതിയ പോസിറ്റീവ് കേസുകള്‍; ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടി ഉള്‍പ്പെടെ ക്യൂന്‍സ്‌ലാന്‍ഡില്‍ കോവിഡ്-19 ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. 9630 പുതിയ കോവിഡ് കേസുകള്‍ കൂടി സ്‌റ്റേറ്റില്‍ സ്ഥിരീകരിച്ചു.


മരണപ്പെട്ട കുട്ടിക്ക് ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഡോണ്‍ ജെറാര്‍ഡ് പറഞ്ഞു. രക്ഷിതാക്കള്‍ക്ക് ഇതൊരു ദുഃഖവാര്‍ത്തയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രീമിയര്‍ അന്നാസ്താഷ്യ പാലാസൂകും മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. ഒരു ചെറിയ കുട്ടി കോവിഡ് മൂലം മരിച്ചുവെന്ന ദുഃഖവാര്‍ത്ത ഇന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു. 10 വയസ്സില്‍ താഴെയാണ് കുട്ടിയുടെ പ്രായം, പ്രീമിയര്‍ പറഞ്ഞു.

ഈ ഘട്ടത്തില്‍ കുട്ടികളെ വാക്‌സിനേറ്റ് ചെയ്യണമെന്നും പാലാസൂക് രക്ഷിതാക്കളെ ഓര്‍മ്മിപ്പിച്ചു. അഞ്ച് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള 35 ശതമാനം കുട്ടികളാണ് വാക്‌സിനെടുത്തിരിക്കുന്നത്. അടുത്ത ആഴ്ച ക്ലാസുകള്‍ തുറക്കുന്ന ഘട്ടത്തില്‍ ഈ നിരക്ക് ഇനിയും ഉയരേണ്ടതുണ്ടെന്ന് പ്രീമിയര്‍ വ്യക്തമാക്കി.

മരണപ്പെട്ടവരില്‍ 7 പേര്‍ ഏജ്ഡ് കെയര്‍ ഹോമില്‍ കഴിഞ്ഞിരുന്നവരാണെന്ന് ആരോഗ്യ മന്ത്രി വെയ്റ്റ് ഡി'ആത് അറിയിച്ചു. 764 പേരാണ് ആശുപത്രിയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ആശുപത്രിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നുവെന്ന ആശ്വാസവും ആരോഗ്യ മന്ത്രി പങ്കുവെച്ചു. അതേസമയം അടുത്ത ആഴ്ച സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തുമ്പോള്‍ വാക്‌സിനേഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം ഉണ്ടാകുമെന്ന് ഡോ. ജെറാര്‍ഡ് ഓര്‍മ്മിപ്പിച്ചു.
Other News in this category



4malayalees Recommends