സമ്പന്നരുടെ വീട്ടില്‍ മോഷണം നടത്തി പള്ളികളിലെ യാചകര്‍ക്ക് സംഭാവന നല്‍കും; ഇന്ത്യന്‍ 'റോബിന്‍ ഹുഡ്' പോലീസ് പിടിയിലായി

സമ്പന്നരുടെ വീട്ടില്‍ മോഷണം നടത്തി പള്ളികളിലെ യാചകര്‍ക്ക് സംഭാവന നല്‍കും; ഇന്ത്യന്‍ 'റോബിന്‍ ഹുഡ്' പോലീസ് പിടിയിലായി
മോഷണം നടത്തി പാവങ്ങളെ സഹായിക്കുന്ന ഇന്ത്യന്‍ 'റോബിന്‍ഹുഡ്' ജോണ്‍ മെല്‍വിന്‍ (46) പിടിയില്‍. വളരെ വ്യത്യസ്തനായ ഈ മോഷ്ടാവിനെ ബംഗളൂരു പോലീസാണ് പിടികൂടിയത്. മോഷണത്തിനുശേഷം വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികള്‍ക്ക് സമീപമുള്ള യാചകര്‍ക്ക് പണ വിതരണം നടത്തലും കൈയില്‍ എപ്പോഴും ബൈബിള്‍ കരുതിയുമാണ് ഈ കള്ളന്‍ വ്യത്യസ്തനായത്.

ഒടുവില്‍ ഈയടുത്ത് വിജയനഗറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് ജോണ്‍ മെല്‍വിനെ പിടികൂടിയത്.

പണക്കാരുടെ വീട്ടില്‍നിന്ന് മോഷണം നടത്തി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന 'റോബിന്‍ഹുഡ്' ശൈലിയാണ് ഇയാളുടേത്. 1994ലായിരുന്നു ആദ്യ മോഷണം. തുടര്‍ന്ന് നടത്തിയ മോഷണങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പോലും പിടിക്കപ്പെട്ടില്ല. രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും വീടുകളില്‍മാത്രമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. പോലീസുകാരുടെ വീടുകളിലും കയറിയിട്ടുണ്ടെങ്കിലും വീട് പോലീസിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ സാധനങ്ങള്‍ തിരികെവെച്ചിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി.

ജാലഹള്ളിക്ക് സമീപത്ത് ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന അന്‍പതോളം മോഷണങ്ങളില്‍ ജോണ്‍ മെല്‍വിന് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അതേസമയം, മോഷണത്തിനിടെ വീട്ടിലെ എല്ലാ വസ്തുക്കളും ഇയാള്‍ മോഷ്ടിക്കാറില്ല. ആവശ്യമായ പണവും ആഭരണങ്ങളും മാത്രമെടുക്കുന്നതായിരുന്നു പതിവ്. മോഷ്ടിക്കപ്പെട്ടവയില്‍ കള്ളപ്പണവും ഉണ്ടായിരുന്നതിനാല്‍ ചിലയിടങ്ങളില്‍നിന്ന് പരാതികളുമുണ്ടായിരുന്നില്ല.

ഒരു ഭാഗം പാവപ്പെട്ടവര്‍ക്കുവേണ്ടി മാറ്റിവെച്ചതിനുശേഷം ബാക്കിയുള്ള തുക സ്പാകളില്‍നിന്ന് മസാജ് ചെയ്യാനും സുഭിക്ഷമായി ഭക്ഷണം കഴിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. കൈവശമുള്ള തുക തീരുന്നതിന് അനുസരിച്ച് വീണ്ടും മോഷണത്തിന് ഇറങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്.

Other News in this category



4malayalees Recommends