കായിക ലോകത്തെ ഞെട്ടിച്ച് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം വന്നിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് 25കാരിയായ താരം വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു തന്റെ ഈ തീരുമാനമെന്ന് ആഷ്ലി കുറിച്ചു.
'എനിക്ക് കൂടുതല്‍ ഒന്നും നല്‍കാനില്ലെന്ന് എനിക്ക് ശാരീരികമായി അറിയാം, ഈ മനോഹരമായ കായിക വിനോദത്തിന് എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കിയിട്ടുണ്ട്' താരം പറഞ്ഞു.
2019 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ആഷ്ലിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021ല്‍ വിംബിള്‍ഡണ്‍, 2022 ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നിവയടക്കം മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.
താരത്തിന്റെ പ്രഖ്യാപനം നേരത്തെയായിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്.