വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും ; സ്‌കോട്ട് മൊറിസണ്‍ സര്‍ക്കാരിന് ' ജനകീയ ബജറ്റ്' പിടിച്ചു നില്‍ക്കാന്‍ അനിവാര്യം

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും ; സ്‌കോട്ട് മൊറിസണ്‍ സര്‍ക്കാരിന് ' ജനകീയ ബജറ്റ്' പിടിച്ചു നില്‍ക്കാന്‍ അനിവാര്യം
സ്‌കോട്ട് മോറിസന്‍ സര്‍ക്കാരിന്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ലഭിക്കുന്ന മുഖം രക്ഷിക്കാനുള്ള അവസരമാണ് ചൊവ്വാഴ്ച വൈകിട്ട് അവതരിപ്പിക്കുന്ന ഫെഡറല്‍ ബജറ്റ്.ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണ് ഇത്.രാജ്യത്തെ വിലക്കയറ്റം ഏറ്റവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരണം എന്നതിനാല്‍, ബജറ്റ് പ്രഖ്യാപനത്തിലെ ഏറ്റവും പ്രധാന ഇനവും വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ തന്നെയാകും.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും പെട്രോള്‍ഡീസല്‍ വില ഉള്‍പ്പെടെ പിടിച്ചുനിര്‍ത്തുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും ട്രഷറര്‍ വ്യക്തമാക്കി.പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്ന നടപടികളിലൊന്ന്.നിലവില്‍ ലിറ്ററിന് 44.2 സെന്റാണ് സര്‍ക്കാരിന് എക്‌സൈസ് തീരുവയായി ലഭിക്കുന്നത്. ഇതില്‍ താല്‍ക്കാലികമായി കുറവു വരുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ട്രഷറര്‍ തയ്യാറായിട്ടില്ല.

എക്‌സൈസ് തീരുവ കുറച്ചാല്‍, 21 വര്‍ഷത്തിനു ശേഷമാകും ഓസ്‌ട്രേലിയയില്‍ അത്തരമൊരു നടപടി ഉണ്ടാകുന്നത്.

2001ല്‍ ഹോവാര്‍ഡ് സര്‍ക്കാരായിരുന്നു പെട്രോള്‍ഡീസല്‍ തീരുവയില്‍ ഇതിനു മുമ്പ് കുറവു വരുത്തിയത്.എന്നാല്‍ എക്‌സൈസ് തീരുവ നേരിയ തോതില്‍ കുറയ്കുകന്നതുകൊണ്ടു മാത്രം ജനത്തിന് ആശ്വാസമാകില്ലെന്ന് നിരവധി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ നടപടികളുണ്ടാകുമോ എന്ന കാര്യവും ചൊവ്വാഴ്ച അറിയാം.

ആദ്യവീടുവാങ്ങാന്‍ കൂടുതല്‍പേര്‍ക്ക് സഹായംമോറിസന്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ഹോം ഗ്യാരന്റി സ്‌കീം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും.വര്‍ഷം 50,000 പേര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാകും അത് വിപുലമാക്കുക.വീടു വിലയുടെ അഞ്ചു ശതമാനമോ, രണ്ടു ശതമാനമോ മാത്രം കൈവശമുള്ളവരെ വിപണിയിലേക്ക് ഇറങ്ങാന്‍ സഹായിക്കുന്നതാണ് ഈ പദ്ധതി.വിപുലമാക്കുമ്പോള്‍, ജൂലൈ ഒന്നു മുതല്‍ വര്‍ഷം 35,000 പേര്‍ക്ക് വീതം അഞ്ചു ശതമാനം നിക്ഷേപം കൊണ്ട് ആദ്യവീടു വാങ്ങാന്‍ കഴിയും.

നിക്ഷേപത്തിന്റെ 15 ശതമാനത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ഇതോടെ, ലെന്‌ഡേഴ്‌സ് മോര്‍ട്ട്‌ഗേജ് ഇന്‍ഷ്വറന്‍സ് എടുക്കാതെ വീടു വാങ്ങാന്‍ കൂടുതല്‍ പേര്‍ക്ക് കഴിയും.

സിംഗിള്‍ പേരന്റ്‌സിന് രണ്ടു ശതമാനം നിക്ഷേപം കൊണ്ട് വീടുവാങ്ങാന്‍ കഴിയുന്ന ഫാമിലി ഹോം ഗ്യാരന്റി പദ്ധതി 5,000പേര്‍ക്കായും, ഉള്‍നാടന്‍ മേഖലകളിലേക്കുള്ള റീജിയണല്‍ ഹോം ഗ്യാരന്റി പദ്ധതി 10,000 പേര്‍ക്കായും വിപുലീകരിക്കും.

ഈ പദ്ധതിക്ക് അര്‍ഹരാകുന്നതിന് ദമ്പതികള്‍ക്കുള്ള വാര്‍ഷിക വരുമാന പരിധി രണ്ടു ലക്ഷം ഡോളറായും, ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്കുള്ളത് 1.25 ലക്ഷം ഡോളറായും തുടരും.

ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാര്‍ക്ക് കൂടി വീടു വാങ്ങാന്‍ സഹായമൊരുക്കുന്നതാകും ഈ പദ്ധതിയെന്ന് ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിന് 17.9 ബില്യണ്‍ ഡോളറിന്റെ അധിക സഹായവും ബജറ്റില്‍ പ്രഖ്യാപിക്കും.
Other News in this category



4malayalees Recommends