മെല്‍ബണിലെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എട്ടു വയസുകാരി മരിച്ച സംഭവം ; അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍

മെല്‍ബണിലെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എട്ടു വയസുകാരി മരിച്ച സംഭവം ; അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍
മെല്‍ബണിലെ മൊണാഷ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എട്ട് വയസുകാരി അമൃത വര്‍ഷിനി ലങ്കയുടെ മരണവുമായി ബന്ധപ്പെട്ട് സേഫ് കെയര്‍ വിക്ടോറിയയും മൊണാഷ് ഹെല്‍ത്തും അന്വേഷണം നടത്തും.അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ച എട്ട് വയസുകാരി അമൃത വര്‍ഷിനി ലങ്കയാണ് 21 മണിക്കൂറിന് ശേഷം മരിച്ചത്. ഏപ്രില്‍ 29 നാണ് അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വയറുവേദന, ഛര്‍ദ്ദി, പനി തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജിപിയെ കണ്ടതിന് ശേഷമാണ് അമൃത മൊണാഷ് ചില്‍ഡ്രന്‍സ് എമര്‍ജന്‍സി വാര്‍ഡില്‍ എത്തിയത്.

അപ്പന്റിസൈറ്റിസാകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ജിപിയുടെ പ്രാഥമിക നിഗമനമെങ്കിലും, ഗ്യാസ്‌ട്രോ എന്ററൈറ്റിസിനുള്ള സാധ്യതയായിരുന്നു മൊണാഷ് ചില്‍ഡ്രന്‍സിലെ നേഴ്‌സുമാരുടെ പ്രാഥമിക വിലയിരുത്തല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.പിന്നീട് അമൃതക്ക് ശ്വസന സംബന്ധമായ ബുദ്ധിമുട്ടും ഹൃദയസ്തംഭനവും ഉണ്ടായതായും, ഏതാനും മണിക്കൂറുകള്‍ക്കകം മരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 30 ശനിയാഴ്ചയാണ് എട്ട് വയസുകാരി മരിച്ചതെന്ന് മൊണാഷ് ചില്‍ഡ്രന്‍സ് ആശുപത്രി വക്താവ് സ്ഥിരീകരിച്ചു.ആശുപത്രിയില്‍ ശുശ്രൂഷ സ്വീകരിക്കുന്നിനിടെ സംഭവിക്കുന്ന മരണങ്ങള്‍ ക്ലിനിക്കല്‍ റിവ്യൂവിന് വിധേയമാകുമെന്ന് വക്താവ് പറഞ്ഞു.കൊറോണറും സേഫ് കെയര്‍ വിക്ടോറിയയും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആശുപത്രി വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിക്ക് പുറത്തുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി മൊണാഷ് ഹെല്‍ത്തും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.

കൊറോണറുടെ പരിശോധനയും സേഫ് കെയര്‍ വിക്ടോറിയയുടെ അന്വേഷണവും കഴിയുന്നതിന് മുന്‍പ് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്ന് വിക്ടോറിയന്‍ ആരോഗ്യ മന്ത്രി മാര്‍ട്ടിന്‍ ഫോളി പറഞ്ഞു.

മൊണാഷ് ഹെല്‍ത്ത് പൂര്‍ണ വിലയിരുത്തലിന് വിധേയമാകുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.


Other News in this category



4malayalees Recommends