കുടിയേറ്റക്കാരുടെ വരുമാനം കുറഞ്ഞു, താല്‍ക്കാലിക വിസയിലുള്ളവര്‍ക്ക് പി ആര്‍ സാധ്യത കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്

കുടിയേറ്റക്കാരുടെ വരുമാനം കുറഞ്ഞു, താല്‍ക്കാലിക വിസയിലുള്ളവര്‍ക്ക് പി ആര്‍ സാധ്യത കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയന്‍ തൊഴില്‍രംഗത്തെ കുടിയേറ്റക്കാരുടെ പങ്കാളിത്തത്തെക്കുറിച്ച് മെല്‍ബന്‍ ആസ്ഥാനമായ ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.താല്‍ക്കാലിക സ്‌കില്‍ഡ് വിസകളിലെത്തുന്നതില്‍ പകുതി പേരും, സ്റ്റുഡന്റ് വിസകളിലെത്തുന്നതില്‍ അഞ്ചിലൊന്ന് പേരും ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിന്റായി മാറിയെന്നാണ് മുന്‍കാല കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

എന്നാല്‍, സ്റ്റുഡന്റ് വിസകളിലുള്ളവരുടെ എണ്ണം ഇക്കഴിഞ്ഞ ദശാബ്ദത്തില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചെങ്കിലും, പിആര്‍ ലഭിക്കുന്നവരുടെ എണ്ണം ആനുപാതികമായി കൂടിയിട്ടില്ല.

ഓസ്‌ട്രേലിയയിലെ പല തൊഴില്‍മേഖലകളിലും താല്‍ക്കാലിക വിസകളിലുള്ളവര്‍ക്ക്, ആ തൊഴില്‍പരിചയം അടിസ്ഥാനമാക്കി പിആറിന് അപേക്ഷിക്കാനുള്ള അവസരം ഇപ്പോള്‍ ലഭിക്കുന്നില്ല.

1996 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ താല്‍ക്കാലിക വിസകളിലുണ്ടായിരുന്ന ഭൂരിഭാഗം പേര്‍ക്കും പിആര്‍ന് അപേക്ഷിക്കാനുള്ള അവസരം ലഭിച്ചിരുന്നു.

ഇതുകാരണം, താല്‍ക്കാലിക വിസകളിലുള്ളവര്‍ക്ക് ഭാവിയില്‍ പിആര്‍ ലഭിക്കാനുള്ള അവസരം കുറയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

കൊവിഡ് മൂലം അതിര്‍ത്തി അടയ്ക്കുന്നതിന് മുമ്പുള്ള സമയത്ത് രാജ്യത്തുള്ള രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നുവെന്നും, എന്നാല്‍ അതില്‍ പിആര്‍ന് അവസരം ലഭിച്ചവര്‍ വളരെ കുറവായിരുന്നുവെന്നും ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുടിയേറ്റവിഭാഗം ഡെപ്യൂട്ടി പ്രോഗ്രാം ഡയറക്ടര്‍ ഹെന്റി ഷെറെല്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ തൊഴില്‍ രംഗത്തുള്ളതില്‍ മൂന്നില്‍ ഒരാള്‍ വീതം വിദേശത്ത് ജനിച്ചവരാണ്.അഞ്ചില്‍ ഒരാള്‍ വീതം PR വിസയിലോ, താല്‍ക്കാലിക വിസയിലോ ഇവിടെ ജീവിക്കുന്നവരുമാണ്. ഓസ്‌ട്രേലിയന്‍ തൊഴില്‍മേലയുടെ ഏഴു ശതമാനവും താല്‍ക്കാലിക വിസകളിലുള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.ഉന്നത വിദ്യാഭ്യാസമുള്ളവരുടെ എണ്ണം കുടിയേറ്റ വിഭാഗത്തില്‍ കൂടി വരുന്നു എന്നാണ് കണ്ടെത്തല്‍.

'കുടിയേറ്റക്കാരില്‍ പകുതിയോളം പേരും ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവരാണ്. പലരും ഇവിടെ കൂടുതല്‍ വിദ്യാഭ്യാസം നേടുകയും ചെയ്യുന്നു.' – റിപ്പോര്‍ട്ട് വ്യക്തമാക്കി.എന്നാല്‍, അതിന് അനുസരിച്ചുള്ള വരുമാനം കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്നില്ല.

പുതിയ കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്ന വരുമാനം പത്തു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്.

രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും, പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും ലഭിക്കുന്ന ശമ്പളം കുറവായതാണ് ഇതിന് കാരണം.

ഓസ്‌ട്രേലിയന്‍ സാമ്പത്തിക രംഗത്തിന് കുടിയേറ്റക്കാര്‍ നല്‍കുന്ന സംഭാവനകള്‍ വ്യക്തമാക്കാനും, നയരൂപീകരണത്തില്‍ സഹായിക്കാനുമാണ് ഈ റിപ്പോര്‍ട്ട് ശ്രമിക്കുന്നതെന്ന് ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.









Other News in this category



4malayalees Recommends