വൈദ്യുതി ക്ഷാമം കൂടുതല്‍ സ്ഥലങ്ങളെ ബാധിക്കും ; ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍

വൈദ്യുതി ക്ഷാമം കൂടുതല്‍ സ്ഥലങ്ങളെ ബാധിക്കും ; ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍
ഓസ്‌ട്രേലിയയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ബ്ലാക്ക്ഔട്ട് മുന്നറിയിപ്പ് നല്കി ഓസ്‌ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ് ഓപ്പറേറ്റര്‍. ക്വീന്‍സ്ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ ,ടാസ്മാനിയ എന്നിവിടങ്ങളിലാണ് പ്രതിസന്ധി. ആദ്യം ക്വീന്‍സ്ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലും മാത്രമായിരുന്നു മുന്നറിയിപ്പ്. പിന്നീട് കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും മുന്നറിയിപ്പ് വന്നു.

വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് ക്വീന്‍സ്ലാന്റിലും ന്യൂ സൗത്ത് വെയില്‍സിലും പ്രതിസന്ധി നേരിടുകയാണ്. ക്വീന്‍സ്ലാന്റില്‍ ഇന്ന് അഞ്ചു മുതല്‍ ഒന്‍പത് വരെയും, ന്യൂ സൗത്ത് വെയില്‍സില്‍ വൈകിട്ട് അഞ്ചര മുതല്‍ എട്ടര വരെയുമാണ് വൈദ്യുതി തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്.

പ്രതിസന്ധികളുള്ള സംസ്ഥാനങ്ങളോട് ഉപഭോഗം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈദ്യുതി നിരക്ക് ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ പ്രതിസന്ധി താത്കാലികമായി പരിഹരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചത്തെ ബ്ലാക്കൗട്ട് ഒഴിവാക്കാന്‍ കഴിഞ്ഞു.കുത്തനെയുള്ള വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ പല വൈദ്യുതി ഉത്പാദകരും വിപണിയില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു ബ്ലാക്കൗട്ട് സാധ്യതയുണ്ടായത്.എന്നാല്‍ ഓസ്‌ട്രേലിയന്‍ എനര്‍ജി റെഗുലേറ്റര്‍ വിഷയത്തില്‍ ഇടപെട്ടതോടെ, നഷ്ടത്തിലായാലും വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെയുള്ള ബ്ലാക്കൗട്ടുകള്‍ ഒഴിവാക്കിയെങ്കിലും, തുടര്‍ന്നും പ്രതിസന്ധിയുണ്ടാകാമെന്ന് ഊര്‍ജ്ജമന്ത്രി ക്രിസ് ബവ്വന്‍ പറഞ്ഞു.എത്രദിവസത്തേക്കുള്ള റിസര്‍വ് വൈദ്യുതി ഉണ്ടെന്ന കാര്യം അധികൃതര്‍ പരിശോധിക്കുന്നതായി ക്രിസ് ബവ്വന്‍ വ്യക്തമാക്കി.കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങളിലെ തകരാറുകളും, വീടുകളില്‍ തണുപ്പ് കാലത്തുള്ള അധികമായ വൈദ്യുതി ഉപയോഗവും സമ്മര്‍ദ്ദം കൂട്ടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചില കല്‍ക്കരി നിലയങ്ങളുടെ തകരാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, ചിലത് അപ്രതീക്ഷിതമായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ പരിഗണിക്കുന്നതായി ഊര്‍ജ്ജമന്ത്രി പറഞ്ഞു.

പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും, വീടുകളില്‍ തണുപ്പ് കാലത്ത് ആവശ്യമായ ഹീറ്റിംഗ് സംവിധാനങ്ങളുടെ ഉപയോഗം ഒഴിവാക്കേണ്ട സാഹചര്യം ഇല്ലായെന്ന് അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends