രാജ്യത്തെ മിനിമം വേതനത്തില്‍ ജൂലൈ 1 മുതല്‍ മണിക്കൂറിന് 1.05 ഡോളറിന്റെ വര്‍ദ്ധനവ് ; പണപ്പെരുപ്പം റെക്കോര്‍ഡ് നിരക്കിലെത്തിയതോടെ ശമ്പള വര്‍ദ്ധനവെന്ന ആവശ്യം ശക്തമായിരുന്നു ; സര്‍ക്കാര്‍ ശുപാര്‍ശയേക്കാള്‍ അധികം പ്രഖ്യാപിച്ച് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍

രാജ്യത്തെ മിനിമം വേതനത്തില്‍ ജൂലൈ 1 മുതല്‍ മണിക്കൂറിന് 1.05 ഡോളറിന്റെ വര്‍ദ്ധനവ് ; പണപ്പെരുപ്പം റെക്കോര്‍ഡ് നിരക്കിലെത്തിയതോടെ ശമ്പള വര്‍ദ്ധനവെന്ന ആവശ്യം ശക്തമായിരുന്നു ; സര്‍ക്കാര്‍ ശുപാര്‍ശയേക്കാള്‍ അധികം പ്രഖ്യാപിച്ച് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍
രാജ്യത്തെ മിനിമം വേതനത്തില്‍ ജൂലൈ 1 മുതല്‍ മണിക്കൂറിന് 1.05 ഡോളറിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മിനിമം വേതനം, നിലവിലുള്ള 20.33 ഡോളറില്‍ നിന്ന് 21.38 ഡോളറായി വര്‍ദ്ധിക്കും. കുതിച്ചുയര്‍ന്ന പണപ്പെരുപ്പം റെക്കോര്‍ഡ് നിരക്കിലെത്തിയതോടെ ശമ്പള വര്‍ദ്ധനവെന്ന ആവശ്യം ശക്തമായിരുന്നു. പണപ്പെരുപ്പ നിരക്കിന് ആനുപാതികമായി മിനിമം വേതനത്തില്‍ 5.1 ശതമാനത്തിന്റെ വര്‍ദ്ധനവ് വേണമെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസി ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതിനെക്കാള്‍ കൂടൂതല്‍ വര്‍ദ്ധനവാണ് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മിനിമം വേതനം അഥവാ ഏറ്റവും കുറഞ്ഞ ശമ്പള നിരക്കില് ജോലി ചെയ്യുന്നവര്‍ക്കാണ് 5.2ശതമാനത്തിന്റെ വര്‍ദ്ധനവ് ബാധകമാകുക. മോഡേണ്‍ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനത്തില്‍ കുറഞ്ഞത് 4.6 ശതമാനത്തിന്റ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. അതായത് ആഴ്ചയില്‍ കുറഞ്ഞത് 40 ഡോളര്‍.

പുതുക്കിയ നിരക്ക് രാജ്യത്തെ 27ലക്ഷത്തിലധികം തൊഴിലാളികള്‍ക്കും, എന്റര്‍പ്രൈസ് കരാറുകളിലുള്ള മറ്റ് ജീവനക്കാര്‍ക്കും ലഭ്യമാകുമെന്ന് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും, കുതിച്ചുയര്‍ന്ന പണപ്പെരുപ്പവും മിനിമം വേതനം വര്‍ദ്ധിപ്പിക്കാന്‍ കാരണമായെന്നും ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ പ്രസിഡന്റ് ലെയ്ന്‍ റോസ് പറഞ്ഞു.

ഫെയര്‍ വര്‍ക്ക് കമ്മീഷന്റെ തീരുമാനത്തെ വിവിധ യൂണിയനുകള്‍ സ്വാഗതം ചെയ്തു. കമ്മീഷന്റെ തീരുമാനം ന്യായവും, ഉചിതവുമാണെന്ന് ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍ മേധാവി സാലി മക്മനസ് പറഞ്ഞു.

കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികള്‍ക്ക്, ജീവിത ചിലവിനെ അതിജീവിക്കാന്‍ അവസരമൊരുക്കുന്നതാണ് തീരുമാനമെന്നും സാലി മക്മനസ് ചൂണ്ടിക്കാട്ടി.

അതേ സമയം കമ്മീഷന്‍ തീരുമാനം വ്യവസായ മേഖലയില്‍ അനുകൂല പ്രതികരണം ഉളവാക്കിയിട്ടില്ല. ശമ്പള വര്‍ദ്ധനവ് 2.5 ശതമാനമായി പരിമിതപ്പെടുത്തണമെന്നായിരുന്നു ഓസ്‌ട്രേലിയന്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.

Other News in this category



4malayalees Recommends