ഓസ്ട്രേലിയയിലെ ശക്തരായ നേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ആല്‍ബനീസ് എല്ലാ പ്രധാന നേതാക്കളെയും ഒരുമിച്ച് കാണുന്നത്. ഓസ്ട്രേലിയയിലെ എല്ലാ പ്രീമിയര്‍മാരും, മുഖ്യമന്ത്രിമാരും ഒരുമിച്ച് കൂടിയപ്പോള്‍ ആല്‍ബനീസ് ഒരു സെല്‍ഫിയും പകര്‍ത്തി.
ദി ലോഡ്ജിലാണ് രാജ്യത്തെ പ്രധാന നേതാക്കളെ ആല്‍ബനീസ് സല്‍ക്കരിച്ചത്. വെള്ളിയാഴ്ച കാന്‍ബെറയില്‍ ആദ്യത്തെ ദേശീയ ക്യാബിനറ്റ് യോഗം ചേരുന്നതിന് മുന്നോടിയായാണ് ആന്തണി ആല്‍ബനീസ് നേതാക്കളെ കണ്ടത്.
നാലാഴ്ച മുന്‍പാണ് ആല്‍ബനീസ് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ നേതാക്കള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വിവിധ ആവശ്യങ്ങളാണ് ഉന്നയിച്ചത്. വിക്ടോറിയയും, എന്‍എസ്ഡബ്യുവും പ്രാഥമിക വിദ്യാഭ്യാസ രീതിയില്‍ മാറ്റം ആവശ്യപ്പെട്ടു. പ്രോപ്പര്‍ട്ടി ടാക്സില്‍ സുപ്രധാന മാറ്റം വേണമെന്നാണ് പ്രീമിയര്‍ പെറോടെറ്റിന്റെ നിലപാട്.