അവധിക്കാല വസതികള്‍ ബുക്ക് ചെയ്തവരെ തെറ്റിദ്ധരിപ്പിച്ച് Airbnb ; നിരക്ക് ഈടാക്കിയത് അമേരിക്കന്‍ നിരക്കില്‍ ; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കും

അവധിക്കാല വസതികള്‍ ബുക്ക് ചെയ്തവരെ തെറ്റിദ്ധരിപ്പിച്ച് Airbnb ; നിരക്ക് ഈടാക്കിയത് അമേരിക്കന്‍ നിരക്കില്‍ ; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കും
2018 ജനുവരി മുതല്‍ മുതല്‍ 2021 ഓഗസ്റ്റ് വരെ Airbnb വഴി അവധിക്കാല വസതികള്‍ ബുക്ക് ചെയ്തവരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം. ഡോളര്‍ ചിഹ്നം നല്‍കിയാണ് Airbnb വെബ്‌സൈറ്റിലും ആപ്പിലും ബുക്കിങ് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ഈ നിരക്കുകള്‍ അമേരിക്കന്‍ ഡോളറിലാണ് ഈടാക്കിയിരുന്നത്. അമേരിക്കന്‍ ഡോളര്‍ എന്ന് വ്യക്തമാക്കാതിരുന്നത് ഉപഭോക്താക്കള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നാണ് ആരോപണം.

ഓസ്‌ട്രേലിയന്‍ ഉപഭോക്തൃ നിയമം അനുസരിച്ചു ഓസ്‌ട്രേലിയന്‍ ഡോളറിലാണ് രാജ്യത്തെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതെന്നു എസിസിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വെബ്‌സൈറ്റില്‍ 500 ഡോളര്‍ എന്ന് പ്രദര്‍ശിപ്പിച്ച അവധിക്കാല വസതികള്‍ ബുക്ക് ചെയ്തവരുടെ അക്കൗണ്ടില്‍ നിന്ന് 700 ഓസ്‌ട്രേലിയന്‍ ഡോളര്‍ ആണ് കമ്പനി ഈടാക്കിയത്. ഇതിനു പുറമെ ക്രെഡിറ്റ് കാര്‍ഡ് കമ്പനി ഈടാക്കുന്ന ഫോറിന്‍ എക്‌സ്‌ചേഞ്ച് ഫീസ് കൂടി നല്‍കേണ്ടി വന്നുവെന്ന് എസിസിസി മേധാവി ജിനാ കാസ്‌ഗോട്ടലീബ് പറഞ്ഞു.

ഉപഭോക്താക്കള്‍ അമേരിക്കന്‍ ഡോളര്‍ തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് ഇതിനെക്കുറിച്ച് പരാതിപ്പെട്ടവര്‍ക്ക് Airbnb നല്‍കിയ മറുപടി.

എന്നാല്‍ ഇത് വാസ്തവമല്ലെന്ന് ജിനാ കാസ്‌ഗോട്ടലീബ് പറഞ്ഞു. ഇതിനകം രണ്ടായിരത്തോളം പരാതികള്‍ ആണ് Airbnb ക്കെതിരെ വന്നതെന്ന് പറഞ്ഞ ജിനാ അതിനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

പല പരാതികളിലും Airbnb യുടെ ഭാഗത്തു നിന്ന് നടപടികള്‍ ഉണ്ടാവാത്തതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകേണ്ടി വന്നതെന്നും എസിസിസി വ്യക്തമാക്കി.

അതെ സമയം സംഭവത്തെക്കുറിച്ചു അന്വേഷിക്കുമെന്നും ഇത് മൂലം കൂടുതല്‍ തുക നല്‍കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഓസ്‌ട്രേലിയ ന്യൂസീലാന്‍ഡ് മാനേജര്‍ സൂസന്‍ വീല്‍ഡണ്‍ അറിയിച്ച അറിയിച്ചു.

Other News in this category



4malayalees Recommends