തൊഴില്‍ വിസയിലെത്തിയ മലയാളിയായ ഷെഫിന് ശമ്പളം കുറച്ച് നല്‍കിയ ന്യൂ സൗത്ത് വെയില്‍സിലെ കേരള റസ്റ്റോറന്റിന്റെ നടപടി ; പിഴ അടക്കേണ്ടിവരും

തൊഴില്‍ വിസയിലെത്തിയ മലയാളിയായ ഷെഫിന് ശമ്പളം കുറച്ച് നല്‍കിയ ന്യൂ സൗത്ത് വെയില്‍സിലെ കേരള റസ്റ്റോറന്റിന്റെ നടപടി ; പിഴ അടക്കേണ്ടിവരും
തൊഴില്‍ വിസയിലെത്തിയ മലയാളിയായ ഷെഫിന് ശമ്പളം കുറച്ച് നല്‍കിയ ന്യൂ സൗത്ത് വെയില്‍സിലെ കേരള റസ്റ്റോറന്റിന്റെ നടപടി കടുത്ത നിയമ ലംഘനമാണെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോടതി കണ്ടെത്തി. പരാതിക്കാര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം പിന്നീട് തീരുമാനിക്കും

ന്യൂ സൗത്ത് വെയില്‍സിലെ നൗറയിലും, ഇലവാരയിലുമുള്ള ആദിത്യ കേരള റെസ്റ്റോറന്റിനെതിരെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി രംഗത്തെത്തിയത്. മലയാളിയായ മിഥുന്‍ ഭാസി, പാക്കിസ്ഥാന്‍ പൗരനായ സയീദ് ഹൈദര്‍ എന്നിവരാണ് ആദിത്യ കേരള റസ്റ്റോറന്റ് ഉടമ വൈശാഖ് മോഹനന്‍ ഉഷക്കെതിരെ കോടതിയെ സമീപിച്ചത്. കുറഞ്ഞ വേതനത്തില്‍ വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ചുവെന്നായിരുന്നു പരാതി.

രണ്ട് വര്‍ഷത്തോളം, ആഴ്ചയില്‍ ആറു ദിവസം പന്ത്രണ്ട് മണിക്കൂര്‍ വീതം ജോലി ചെയ്തിട്ടും 38 മണിക്കൂറിന്റെ ശമ്പളം മാത്രമാണ് നല്‍കിയതെന്ന് മിഥുന്‍ ഭാസി പരാതിയില്‍ ആരോപിച്ചു. റെസ്റ്റോറന്റ് ഉടമ രണ്ട് ലക്ഷത്തില്‍പ്പരം ഡോളര്‍ നല്‍കാനുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

2018ജൂലൈ മാസത്തിലാണ് മിഥുന്‍ പരാതി നല്‍കിയത്. പിന്നാലെ പാകിസ്താനി വംശജനായ സെയ്ദ് ഹൈദര്‍ ഇതേ റസ്റ്റോറന്റ് ഉടമക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ഇരുവരുടെയും പരാതിയെ തുടര്‍ന്ന് റെസ്റ്റോറന്റിന്റെ സ്വത്തുക്കള്‍ ഫെഡറല്‍ കോടതി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.

ചൊവ്വാഴ്ച നടത്തിയ പ്രഥമിക വിധിന്യായത്തില്‍ ആദിത്യ കേരള റെസ്റ്റോറന്റ് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഫെഡറല്‍ കോടതി കണ്ടെത്തി. കേരള റെസ്റ്റോറന്റ്, ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളമാണ് നല്‍കിയിരുന്നതെന്നും കോടതി നിരീക്ഷിച്ചു.

കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒന്നിലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ജസ്റ്റിസ് ജോണ്‍ ഹാലി പറഞ്ഞു.

അതേസമയം ജോലിസമയം സംബന്ധിച്ച പരാതിക്കാരുടെ വാദം കോടതി തള്ളി. പലപ്പോഴും വിശ്രമമില്ലാതെ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായെന്നായിരുന്നു മിഥുന്‍ ഭാസിയുടെ ആരോപണം.

കൃത്യമായ തൊഴില്‍ രേഖകളുടെ അഭാവമാണ് വാദം തള്ളാന്‍ കാരണമെന്നും കോടതി വ്യക്തമാക്കി.

റസ്റ്റൊറന്റ് ഉടമ രണ്ടാഴ്ചയിലൊരിക്കല്‍ 1,711 ഡോളര്‍ തനിക്ക് നല്‍കിയിരുന്നതായി പറഞ്ഞ മിഥുന്‍ ഭാസി, തൊഴില്‍ വിസയുടെ ചെലവിനായി ഇതില്‍ 511 ഡോളര്‍ വീതം തിരികെ വാങ്ങിയിരുന്നതായും കോടതിയെ അറിയിച്ചു.

ഈ ആരോപണം നിഷേധിച്ച റെസ്റ്റോറന്റ് ഉടമ വൈശാഖ്, പരാതിക്കാരന്‍ തന്റെ പക്കല്‍ നിന്ന് കടമായി വാങ്ങിയ പണമാണ് തിരികെ നല്‍കിയിരുന്നതെന്ന് വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയ കോടതി റെസ്റ്റോറന്റ് ഉടമയുടെ ഭാഗത്ത് നിന്നുണ്ടായത് ഫെയര്‍ വര്‍ക്ക് ആക്ടിന്റെ ഗുരുതരമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.

റെസ്റ്റോറന്റ് ഉടമ വൈശാഖ് മോഹന്‍ വിസയും സ്‌പോണ്‍സര്‍ ഷിപ്പും റദ്ദ് ചെയ്യുമെന്ന് പലപ്പോഴും ഭീക്ഷണിപ്പെടുത്തിയിരുന്നതായും പരാതിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനുള്ള തെളിവും പരാതിക്കാര്‍ കോടതിയില്‍ ഹാജരാക്കി.

പരാതിക്കാരുടെ തെളിവുകള്‍ പരിശോധിച്ച ജസ്റ്റിസ് ഹാലി, റെസ്റ്റോറന്റ് ഉടമയുടെ പരാമര്‍ശങ്ങളില്‍ പിരിച്ചുവിടല്‍ ഭീഷണി ഉണ്ടായിരുന്നുവെന്ന് നിരീക്ഷിച്ചു
Other News in this category



4malayalees Recommends