പ്രായപൂര്‍ത്തിയായ ഓസ്‌ട്രേലിയക്കാരില്‍ പകുതിയോളം പേര്‍ക്കും കൊവിഡ് ബാധിച്ചു ; ഏറ്റവും കൂടുതല്‍ രോഗബാധാ നിരക്ക് 18 മുതല്‍ 29 വരെ വയസ് പ്രായമുള്ളവരില്‍

പ്രായപൂര്‍ത്തിയായ ഓസ്‌ട്രേലിയക്കാരില്‍ പകുതിയോളം പേര്‍ക്കും കൊവിഡ്  ബാധിച്ചു ;  ഏറ്റവും കൂടുതല്‍ രോഗബാധാ നിരക്ക് 18 മുതല്‍ 29 വരെ വയസ് പ്രായമുള്ളവരില്‍
ഓസ്‌ട്രേലിയയില്‍ പ്രായപൂര്‍ത്തിയായവരില്‍ 46.2% പേര്‍ക്ക് കൊറോണവൈറസ് ബാധിച്ചുകഴിഞ്ഞു കാണുമെന്ന് രോഗബാധാ നിരക്ക് സംബന്ധിച്ചുള്ള സര്‍വേ വെളിപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഇമ്മ്യൂണൈസേഷന്‍ റിസേര്‍ച് ആന്‍ഡ് സര്‍വേയ്‌ലന്‍സിന്റെയും, കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ട് ന്യൂ സൗത്ത് വെയില്‍സിന്റെയും നേതൃത്വത്തില്‍ നടത്തുന്ന സെറോസര്‍വേ എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.

നാല് ഘട്ടങ്ങളായി നടത്തുന്ന സര്‍വേയുടെ രണ്ടാം ഘട്ടത്തിലാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

2022 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയ ആദ്യ സര്‍വേയില്‍ 17% ഓസ്‌ട്രേലിയക്കാര്‍ക്ക് കൊവിഡ് ബാധിച്ചു കഴിഞ്ഞിട്ടുള്ളതായാണ് കണ്ടെത്തിയത്. ജൂണ്‍ മാസത്തില്‍ പൂര്‍ത്തിയായ രണ്ടാം സര്‍വേയില്‍ ഈ സംഖ്യ 46.2% ലേക്ക് ഉയര്‍ന്നതായി ഗവേഷകര്‍ വെളിപ്പെടുത്തി.

കൊറോണവൈസ് ബാധിച്ചവരുടെ രക്തസാമ്പിളുകളിലെ ആന്റിബോഡി സാന്നിധ്യമാണ് കണക്കുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

18 വയസ് മുതല്‍ 89 വയസുവരെയുള്ള 5,139 പേരുടെ രക്ത സാമ്പിളുകളാണ് രണ്ടാം ഘട്ട സര്‍വേയില്‍ പരിശോധിച്ചത്.18-29 വരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ 61.7% പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഒഴിച്ചുള്ള മറ്റ് പ്രദേശങ്ങളില്‍ ആദ്യ സര്‍വ്വേയ്ക്ക് ശേഷമുള്ള വര്‍ദ്ധനവ് ഏകദേശം തുല്യമായ നിരക്കിലായിരുന്നവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 0.5% എന്നായിരുന്നു ഫെബ്രുവരി മാസത്തിലെ പോസ്റ്റിവിറ്റി നിരക്ക്. ഇത് മൂന്ന് മാസത്തിനകം 37.5% ത്തിലേക്ക് ഉയര്‍ന്നു.

കോവിഡിനെതിരെ ഏറ്റവും കൂടുതല്‍ സംരക്ഷണം ലഭിക്കുന്നത് വാക്‌സിനേഷന്‍, ബൂസ്റ്റര്‍ ഡോസുകള്‍ ശരിയായി സ്വീകരിച്ചിട്ടുള്ളവര്‍ക്കിടയിലാണെന്ന് പഠനം നടത്തിയ ഗവേഷകര്‍ നിരീക്ഷിക്കുന്നുണ്ട്.മൂന്നാമത്തെ സര്‍വേ ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കും.



Other News in this category



4malayalees Recommends