മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വാങ്ങിയ പുതിയ വാഹനങ്ങളുടെ കണക്ക് നിയമസഭയില്‍ നല്‍കാതെ മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വാങ്ങിയ പുതിയ വാഹനങ്ങളുടെ കണക്ക് നിയമസഭയില്‍ നല്‍കാതെ മുഖ്യമന്ത്രി
ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാങ്ങിച്ച ഔദ്യോഗിക വാഹനങ്ങളുടെ കണക്ക് വെളിപ്പെടുത്താതെ മുഖ്യമന്ത്രി . ഈ സര്‍ക്കാരിന്റെ കാലത്ത് ഇവര്‍ക്കായി എത്ര ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങി, ഇതിനായി എത്ര തുക ചെലവായി , ഇനി വാഹനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നി 3 ചോദ്യങ്ങള്‍ക്കും 'വിവരം ശേഖരിച്ചു വരുന്നു ' എന്ന ഒറ്റ മറുപടിയില്‍ മുഖ്യമന്ത്രി ഒതുക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ധനവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം മറികടന്നാണ് മുഖ്യമന്ത്രിക്കായി ഒരു കിയ കാര്‍ണിവലും മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിനായി 3 ഇന്നോവ ക്രിസ്റ്റയും വാങ്ങാന്‍ ധനവകുപ്പ് 88.69 ലക്ഷം അടുത്തിടെ അനുവദിച്ചത്.

ഗവര്‍ണര്‍ക്ക് ബെന്‍സ് വാങ്ങാന്‍ 85 ലക്ഷം രൂപയും ധനവകുപ്പ് അനുവദിച്ചിരുന്നു. കൂടാതെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടേയും ഗവര്‍ണറുടേയും ഉപയോഗത്തിന് 2 ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ 72 ലക്ഷം രൂപയും ധനവകുപ്പ് നല്‍കി. പത്ത് മന്ത്രിമാര്‍ പുതിയ കാര്‍ വേണമെന്നും ഫണ്ട് അനുവദിക്കണമെന്നും ധനവകുപ്പിനോട് ആവശ്യപെട്ടതില്‍ 6 മന്ത്രിമാര്‍ക്ക് പുതിയ വാഹനം വാങ്ങാന്‍ ധനവകുപ്പ് ഫണ്ട് (1.50 കോടി) അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും മാത്രം 2.45 കോടി രൂപയാണ് ഔദ്യോഗിക വാഹനത്തിനായി ചെലവാക്കിയത്. മന്ത്രിമാര്‍ക്ക് 1.50 കോടിയും.ഇതിന്റെ വിശദാംശങ്ങള്‍ നിയമസഭ മറുപടിയില്‍ വരാതിരിക്കാനാണ് ' വിവരം ശേഖരിച്ചു വരുന്നു ' എന്ന ഒറ്റ മറുപടി തരാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. എത്ര ഔദ്യോഗിക വാഹനം വാങ്ങി, എത്ര ചെലവായി, ആരൊക്കെ ഇനി ആവശ്യപ്പെട്ടു എന്നി കണക്കുകള്‍ ധന എക്‌സ്‌പെന്‍ഡിച്ചര്‍ വിംഗിലും ബജറ്റിലും ലഭ്യമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി തരാതെ മുങ്ങിയതാണെന്ന ആക്ഷേപം ഉയരുന്നത്. അനുപ് ജേക്കബ് ആണ് നിയമസഭയില്‍ മുഖ്യമന്ത്രിയോട് ചോദ്യമുന്നയിച്ചത്.



Other News in this category



4malayalees Recommends