ആശങ്കയാകുന്നു പുതിയ കോവിഡ് കണക്കുകള്‍ ; എജ്ഡ് കെയര്‍ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേര്‍ക്ക് കോവിഡ് ; ആരോഗ്യ മേഖലയിലും സമ്മര്‍ദ്ദം

ആശങ്കയാകുന്നു പുതിയ കോവിഡ് കണക്കുകള്‍ ;  എജ്ഡ് കെയര്‍ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേര്‍ക്ക് കോവിഡ് ; ആരോഗ്യ മേഖലയിലും സമ്മര്‍ദ്ദം
ഓസ്‌ട്രേലിയയില്‍ പുതിയ 17 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയില്‍സില്‍ ഏഴും, സൗത്ത് ഓസ്‌ട്രേലിയയില്‍ അഞ്ചും, ക്വീന്‍സ്ലാന്റില്‍ മൂന്നും കോവിഡ് മരണങ്ങളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഏജ്ഡ് കെയര്‍ കേന്ദ്രങ്ങളില്‍ 1,064 ഇടത്താണ് വൈറസ് ബാധ സജീവമായിട്ടുള്ളത്. ഇവയോട് അനുബന്ധിച്ച് 9,906 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് ബാധിച്ച 9,906 പേരില്‍ 6,360 പേര്‍ വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാരാണ്. ബാക്കിയുള്ള 3,546 പേര്‍ ഏജ്ഡ് കെയര്‍ ജീവനക്കാരുമാണ്. ന്യൂ സൗത്ത് വെയില്‍സില്‍ 344 വ്യത്യസ്ത കേസുകളോട് അനുബന്ധിച്ച് രോഗം പടരുന്നതായാണ് റിപ്പോര്‍ട്ട്. ക്വീന്‍സ്ലാന്‍ഡ് (231), വിക്ടോറിയ (218), സൗത്ത് ഓസ്‌ട്രേലിയ (127), വെസ്റ്റേണ്‍ ഓസ്‌ട്രേലിയ (96) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

റെസിഡെന്‍ഷ്യല്‍ വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാരില്‍ അര്‍ഹരായ 78.8 ശതമാനം പേര്‍ക്കും നാലാമത്തെ കോവിഡ് 19 വാക്‌സിന്‍ ഡോസ് ലഭിച്ചതായി ഏജ്ഡ് കെയര്‍ വകുപ്പ് മന്ത്രി അനിക വെല്‍സ് പറഞ്ഞു.

ഓഗസ്റ്റ് ഒന്ന് മുതല്‍, ഓരോ വയോജന പരിചരണ കേന്ദ്രങ്ങളിലെയും താമസക്കാരുടെയും ജീവനക്കാരുടെയും പ്രതിവാര വാക്‌സിനേഷന്‍ ഡാറ്റ ഏജ്ഡ് കെയര്‍ വകുപ്പ് പ്രസിദ്ധീകരിക്കും.

ഒമിക്രോണ്‍ കോവിഡ് 19 വകഭേദം സ്ഥിരീകരിക്കാന്‍ ചില കോവിഡ് 19 റാപ്പിഡ് ആന്റിജന്‍ പരിശോധന കിറ്റുകള്‍ക്ക് കഴിയുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇവ വിപണിയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടിജിഎ) വ്യക്തമാക്കി.മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റുകളുടെ പങ്ക് സുപ്രധാനമായതിനാലാണ് നടപടികള്‍ സ്വീകരിക്കാത്തതെന്നു ടിജിഎ പറഞ്ഞു.

Other News in this category



4malayalees Recommends