ബലി തര്‍പ്പണം: പി ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റ് അന്ധവിശ്വാസം വളര്‍ത്തുമെന്ന് സി പി എം, വിമര്‍ശനം അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി ജയരാജനും
വാവുബലി തര്‍പ്പണത്തിന് സഹായമൊരുക്കാന്‍ പാര്‍ട്ടി അംഗങ്ങള്മുന്നിട്ടിറങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് സി പി എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് അന്ധവിശ്വാസം വളര്‍ത്തുന്നതെന്ന് സി പിഎം. പാര്‍ട്ടിയുടെ വിമര്‍ശനം താന്‍ അംഗീകരിക്കുന്നുവെന്ന് പി ജയരാജനും. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് പാര്‍ട്ടിയുടെ വിമര്‍ശനം താന്‍ അംഗീകരിക്കുന്നുവെന്ന് പി ജയരാജന് പറഞ്ഞത്.
പി ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആഗസ്റ്റ് ഇരുപത്തിയേഴിന്റെ ഫേസ്ബുക് പേജിലെ കുറിപ്പില്‍ പിതൃ തര്‍പ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കുന്നതായി ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചു, പാര്‍ട്ടിയും ശ്രദ്ധയില്‍ പെടുത്തി. അത് ഞാന്‍ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാല്‍ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തില്‍ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാല്‍ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണമെന്ന എന്റെ അഭിപ്രായമാണ് ആ പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത്. നാലു വര്‍ഷമായി കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആര്.പി.സി.യുടെ ഹെല്പ് ഡെസ്ക് പിതൃ തര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് സേവനം നല്കി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിര്‍വ്വഹിച്ചു. ഇതുപോലുള്ള ഇടപെടലുകള്‍ ആവശ്യമാണ് എന്നാണ് പോസ്റ്റില്‍ ഊന്നി പറഞ്ഞിരുന്നത്.