'ആസാദ് കശ്മീര്‍ പരാമര്‍ശം'; കെ ടി ജലീലിന് എതിരെ അമിത് ഷായ്ക്ക് പരാതി നല്‍കുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്

'ആസാദ് കശ്മീര്‍ പരാമര്‍ശം'; കെ ടി ജലീലിന് എതിരെ അമിത് ഷായ്ക്ക് പരാതി നല്‍കുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
കശ്മീരിനെ കുറിച്ചുള്ള എംഎല്‍എ കെ ടി ജലീലിന്റെ വിവാദ പരാമര്‍ശത്തിന് എതിരെ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ജിഹാദി വോട്ട് ലഭിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. ജലീല്‍ പാകിസ്ഥാന്‍ പ്രതിനിധിയായാണ് നിയമസഭയില്‍ ഇരിക്കുന്നത്. കൂടെ ഇരിക്കണമോ എന്ന് പ്രതിപക്ഷവും തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പരാമര്‍ശം വിവാദമായതിന് പിന്നാലെ കെ ടി ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ കശ്മീരിനെ കുറിച്ചുള്ള വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് എംഎല്‍എയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. വിവാദമായ പോസ്റ്റ് പിന്‍വലിച്ചത് കൊണ്ടായില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. നിയമപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇത് കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്നത് രാജ്യദ്രോഹമാണ്. വിഘടനവാദികളും രാജ്യദ്രോഹ ശക്തികളുമാണ് ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളത്.

ഒരു എംഎല്‍എ വിഘടനവാദികളുടെ നിലപാടിന് പിന്തുണ നല്‍കിയരിക്കുകയാണ്. അദ്ദേഹം ജനപ്രതിനിധിയായി നിയമസഭയിലിരിക്കുന്നത് കേരളത്തിന് അപമാനമാണ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും മുരളീധരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends