ശരീരത്തില്‍ ക്ഷതമേറ്റ പാടുകള്‍ ; ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗാട്ടിന്റെ മരണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗാട്ടിന്റെ മരണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൊനാലിയുടെ ശരീരത്തില്‍ ഒന്നിലധികം ക്ഷതമേറ്റ പാടുകളുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഗോവയില്‍ നിന്നാണ് രണ്ട് പേരെ പൊലീസ് പിടികൂടിയത്. സൊനാലിയുടെ ശരീരത്തില്‍ ഒന്നിലധികം ക്ഷതമേറ്റ പാടുകളാണ് കണ്ടെത്താനായത്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള പരുക്കുകള്‍ ഒന്നും ദേഹപരിശോധന നടത്തിയ വനിതാ പൊലീസുകാര്‍ക്ക് കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ സൊനാലിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് സുധീര്‍ സംഗ്വാനെയും അയാളും സുഹൃത്ത് സുഖ്വീന്ദര് വാസിയെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച ഗോവയിലെത്തിയ സോനാലിക്കൊപ്പം ഇവര്‍ രണ്ടു പേരും ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 43കാരിയായ സൊണാലി ഫൊഗാട്ടിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന പ്രാഥമിക റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് കുടുംബം രംഗത്തെത്തിയിരുന്നു. ഡല്‍ഹി എംയിംസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. തുടര്‍ന്ന് പൊലീസ് കൊലപാതക കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സുധീറും സുഖ്വീന്ദറും ചേര്‍ന്ന് സൊനാലിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് സഹോദരന് റിങ്കു ദാക്കയും പരാതി നല്‍കിയിരുന്നു. പ്രതികള്‍ സൊനാലിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും സഹോദരന് ആരോപിച്ചിരുന്നു.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സൊണാലി അമ്മയും സഹോദരിയുമായും ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഇതിനിടെ പേഴ്സണല്‍ അസിസ്റ്റന്റിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഭക്ഷണത്തില്‍ എന്തോ ചേര്‍ത്ത് നല്‍കിയായിരുന്നു സുധീര്‍ ബലാത്സംഗം ചെയ്തതെന്നും ഇത് ചിത്രീകരിച്ച് ബ്ലാക്മെയില്‍ ചെയ്തെന്നും ആരോപിച്ചിരുന്നു. അഭിനയ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുമെന്ന് സുധീര്‍ ഭീഷണിപ്പെടുത്തി. അവര്‍ക്കെതിരെ പരാതി നല്കാന് തീരുമാനിച്ചതായി സൊനാലി പറഞ്ഞിരുന്നുവെന്നും സഹോദരന് നല്കിയ പരാതിയില്‍ പറയുന്നു.