'മോദി ജീ, നിങ്ങള്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു', പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി

'മോദി ജീ, നിങ്ങള്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു', പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി
മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ നിന്നുള്ള 42 കാരനായ കര്‍ഷകനാണ് ഉള്ളിക്ക് കുറഞ്ഞ താങ്ങുവില ലഭിക്കാത്തതിന്റെ പേരില്‍ മോദിക്ക് കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തത്. മോദിക്ക് ജന്മദിനാശംസകള്‍ നേരുകയും ഉള്ളിക്കും മറ്റ് വിളകള്‍ക്കും താങ്ങുവില ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൃഷി ചെയ്യാന്‍ കടം വാങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ചും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ദശരത് കേദാരി എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച ഗ്രാമത്തിലെ കുളത്തില്‍ ചാടുന്നതിന് മുമ്പ് കീടനാശിനി കഴിക്കുകയായിരുന്നു. കേദാരി ഉള്ളി കൃഷി ചെയ്തിരുന്നു. എന്നാല്‍ വിളയ്ക്ക് തൃപ്തികരമായ വില ലഭിച്ചില്ല. ഇത്തവണ മികച്ച വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല.

മഴക്കെടുതിയില്‍ ഉള്ളി നശിച്ചു. സോയാബീന്‍, തക്കാളി വിളകളിലും കേദാരിക്ക് നഷ്ടമുണ്ടായി. 'താന്‍ ഒരു സഹകരണ സംഘത്തില്‍ നിന്ന് കടം വാങ്ങിയിരുന്നുവെന്ന് അദ്ദേഹം എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. കൃഷി ചൂതാട്ടമായി മാറിയെന്നും ഉള്ളി പോലുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് എംഎസ്പി നല്‍കണമെന്നും കര്‍ഷകന്‍ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെടുന്നുണ്ട് ,' പൊലീസ് ഇന്‍സ്‌പെക്ടര്‍ ക്ഷീരസാഗര്‍ പറഞ്ഞു.

'നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണം ഇന്ന് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ദയവായി ഞങ്ങളുടെ ന്യായമായ ഗ്യാരണ്ടീഡ് മാര്‍ക്കറ്റ് വില ഞങ്ങള്‍ക്ക് തരൂ,' മറാത്തിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ആത്മഹത്യാ കുറിപ്പില്‍ ഒപ്പിട്ട ശേഷം, കുറിപ്പിന്റെ അടിയില്‍ പ്രധാനമന്ത്രി മോദിക്ക് കേദാരി ജന്മദിനാശംസ നേര്‍ന്നിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുളത്തില്‍ ചാടുന്നതിന് മുമ്പ് അഴിച്ചുവച്ച വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് കേദാരിയുടെ ബന്ധുവാണ് പോലീസിന് കൈമാറിയത്.

കുറിപ്പ് കൈയക്ഷര വിദഗ്ധര്‍ക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആത്മഹത്യാ കുറിപ്പില്‍, കടം

കൊടുക്കുന്നവരുടെ ഭീഷണിയും സഹകരണ സംഘം ഉപയോഗിക്കുന്ന മോശം വാക്കുകളും കര്‍ഷകന്‍ പരാമര്‍ശിച്ചിട്ടുണ്ട്. നീതിക്കായി ആരെയാണ് സമീപിക്കേണ്ടതെന്ന് ചോദിച്ച കേദാരി, കര്‍ഷകരെപ്പോലെ ആരും ചൂതാട്ടം കളിക്കാറില്ലെന്നും പ്രസ്താവിച്ചു.

Other News in this category



4malayalees Recommends