നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയതിന് യുവാവിനെ തല്ലിക്കൊന്ന കേസ്:ശരീരത്തില്‍ നൂറിലധികം പാടുകള്‍,കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം

നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയതിന് യുവാവിനെ തല്ലിക്കൊന്ന കേസ്:ശരീരത്തില്‍ നൂറിലധികം പാടുകള്‍,കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം
നായയ്ക്ക് കൃത്യ സമയത്ത് ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ ബന്ധു തല്ലിക്കൊന്ന കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം. മണ്ണേങ്ങോട് അത്താണി സ്വദേശി ഹര്‍ഷാദ് (21) ആണ് കൊല്ലപ്പെട്ടത്. മരണം മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ ഹര്‍ഷാദിന്റെ ബന്ധു ഹക്കീ(27)മിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹര്‍ഷാദിന്റെ പിതൃസഹോദരീ പുത്രനാണ് ഹക്കീം. ഇയാളാണ് ഹര്‍ഷാദിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഹക്കീം, അര്‍ഷദിനെ അതിക്രൂരമായി കൊലപ്പെടുത്തുമെന്നു ഒരിക്കലും കരുതിയിരുന്നില്ലെന്നും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നതെന്നും ഹര്‍ഷാദിന്റെ കുടുംബം ആരോപിച്ചു.

നായയ്ക്ക് തീറ്റ നല്‍കാന്‍ വൈകിയെന്ന പേരില്‍ ബെല്‍റ്റ് കൊണ്ടും മരക്കഷണം കൊണ്ടുമായിരുന്നു ഹക്കീം ഹര്‍ഷാദിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കിന്റെ കേബിള്‍ വലിക്കുന്ന ജോലി ചെയ്ത് വരികയായിരുന്നു ഹര്‍ഷാദും ഹക്കീമും. കൊപ്പം അത്താണിയില്‍ വാടകവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.

ശരീരം മുഴുവന്‍ അടിയേറ്റ പാടുകളുമായി ഹര്‍ഷാദിനെ ഹക്കീമാണ് ആശുപത്രിയില്‍ എത്തിച്ചത്. കെട്ടിടത്തില്‍ നിന്ന് വീണെന്നായിരുന്നു ആശുപത്രിയില്‍ അറിയിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഹര്‍ഷാദിനെ ഹക്കീം നിരന്തരം മര്‍ദ്ദിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഹക്കീം വളര്‍ത്തുന്ന നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയെന്ന് പറഞ്ഞ് വ്യാഴാഴ്ചയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നായയുടെ കഴുത്തിലെ ബെല്‍റ്റ് കൊണ്ടും മരക്കഷണം കൊണ്ടും തല്ലി. നിലത്തുവീണ ഹര്‍ഷാദിനം ഹക്കീം ചവിട്ടി. ഇതോടെ വാരിയെല്ലുകള്‍ തകര്‍ന്നു. കൃത്യമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ ഉടന്‍ തന്നെ പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നു. സംഭവത്തിനു പിന്നിലുള്ള മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തുവന്നു.

Other News in this category



4malayalees Recommends