നടന്‍ ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാ പിതാവ് ശിവാനന്ദന്‍. മാനസികമായ എന്തെങ്കിലും അസ്വസ്ഥതകള്‍ കാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരെ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് നടന്‍ ഉല്ലാസിന്റെ ഭാര്യ ആശയെ വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ബന്ധുക്കളും പൊലീസും ചേര്‍ന്ന് താഴെയിറക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ ഉല്ലാസ് ഭാര്യയുമായി ചെറിയ പിണക്കത്തിലായിരുന്നു. ശേഷം ആശ മക്കള്‍ക്കൊപ്പം മുകളിലെ നിലയില്‍ കിടക്കാന്‍ പോയെന്നാണ് ഉല്ലാസ് കരുതിയത്. അല്‍പ സമയ ശേഷം ഉല്ലാസ് മുകള്‍ നിലയിലെ മുറിയിലെത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം കണ്ടില്ല. വീട്ടിലെ മുറികള്‍ പരിശോധിച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് പരിശോധനയിലാണ് ടെറസിലെ ഷീറ്റിട്ട ഭാഗത്ത് നിന്ന് ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണങ്ങാനിട്ട തുണികള്‍ക്കിടയിലായതിനാലാവാം ആദ്യം കാണാതിരുന്നത്.